ആവശ്യപ്പെട്ടാല്‍ മടങ്ങിവരാന്‍ തയ്യാര്‍

കോവിഡ് മൂലം പ്രതിസന്ധിയിലായ ഇന്ത്യന്‍ സാമ്പത്തിക രംഗത്തെ സഹായിക്കാന്‍ രാജ്യം ആവശ്യപ്പെട്ടാല്‍ മടങ്ങിവരാന്‍ തയ്യാറെന്ന് റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍. ഇറ്റലി,അമേരിക്ക എന്നീ രാജ്യങ്ങളെ കോവിഡ് ബാധിച്ച രീതിയില്‍ ഇന്ത്യയിലും വൈറസ് വ്യാപിക്കുകയാണെങ്കില്‍ ശക്തമായ നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്. ലോകം സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. എന്നാല്‍ നമ്മുടെ മുന്‍കരുതല്‍ നടപടികള്‍ക്ക് അനുസൃതമായി അടുത്ത സാമ്പത്തിക വര്‍ഷം തന്നെ മികച്ച മുന്നേറ്റം കാഴ്ച്ചവെക്കാനാവുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്ക് വെച്ചു. സാമ്പത്തിക പ്രതിസന്ധിയുടെ ആദ്യ ലക്ഷണങ്ങള്‍ പ്രകടമാവുക വിദേശനാണ്യ കൈമാറ്റ മേഖലയിലാണ്. എന്നാല്‍ ഡോളറുമായിട്ടുളള വിനിമയത്തില്‍ രൂപയുടെ മൂല്യത്തിന് അല്പം ഇടിവ് സംഭവിച്ചിട്ടുണ്ടെങ്കിലും 25 ശതമാനത്തോളം നാണയ നിരക്കില്‍ നഷ്ടം സംഭവിച്ച ബ്രസീലിന്റെ അവസ്ഥയിലേക്കൊന്നും നമ്മുടെ രാജ്യം എത്തിയിട്ടില്ല എന്നത് ശുഭ സൂചനയാണെന്നും രഘുറാം രാജന്‍ കൂട്ടിച്ചേര്‍ത്തു. എന്‍.ഡി.ടി.വിക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

2013 ആഗസ്റ്റ് മുതല്‍ 2016 സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ റിസര്‍വ് ബാങ്ക് ഗവര്‍ണറായിരുന്നു രഘുറാം രാജന്‍. എന്നാല്‍ മോദി സര്‍ക്കാരുമായുള്ള നയ വിത്യാസം മൂലം ഗവര്‍ണര്‍ സ്ഥാനം രാജിവെച്ച് അമേരിക്കയിലേക്ക് താമസം മാറ്റുകയായിരുന്നു. നിലവില്‍ അമേരിക്കയിലെ ചിക്കാഗോ യൂണിവേഴ്‌സിറ്റി സാമ്പത്തിക വിഭാഗം പ്രൊഫസറാണ് . അന്താരാഷ്ട്ര നാണയ നിധിയുടെ പ്രധാന ഉപദേഷ്ടാവ് കൂടിയാണ് ഇദ്ദേഹം.

Leave a Reply