ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കരുത്തും പിന്തുണയും നല്‍കുക: ഹൈദരലി ശിഹാബ് തങ്ങള്‍

മലപ്പുറം: ലോകം കോവിഡ് മഹാമാരിക്കു മുമ്പില്‍ നടുങ്ങി നില്‍ക്കുന്ന ഭീതിതമായ സാഹചര്യത്തിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. യുദ്ധഭൂമിയിലെന്ന പോലെ സ്വന്തം ജീവന്‍ പോലും വകവെക്കാതെ മഹാമാരിയോട് പൊരുതുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കരുത്തും പിന്തുണയും നല്‍കേണ്ട സമയമാണിതെന്ന് മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നല്‍കുന്ന പിന്തുണയെന്നാല്‍ അവരെ പൂര്‍ണമായും അനുസരിക്കുക എന്നതാണ് അതില്‍ ഏറ്റവും പ്രധാനപ്പെട്ടത്. കോവിഡ് മഹാമാരിയുടെ പ്രാരംഭഘട്ടത്തില്‍ മുന്നറിയിപ്പുകളെ അവഗണിച്ച രാഷ്ട്രങ്ങള്‍ ഇന്ന് രോഗികളെക്കൊണ്ടും മരിച്ചുവീഴുന്നവരെക്കൊണ്ടും ശ്വാസംമുട്ടുന്ന കാഴ്ച പാഠമമായി ഉള്‍ക്കൊള്ളുക തന്നെ വേണം. രാജ്യത്തും അനുദിനം രോഗികളുടെ എണ്ണം വര്‍ധിച്ചുവരികയാണ്. സമൂഹവ്യാപനത്തിന്റെ ആശങ്കാജനകമായ അവസ്ഥ നമ്മുടെ തൊട്ടുമുന്നിലെത്തി നില്‍ക്കുന്നു. എന്നിരുന്നാലും കേരളത്തില്‍ അത്രകണ്ട് ഭയപ്പെടേണ്ട സാഹചര്യമില്ല. ഇന്ത്യയിലാദ്യമായി കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത് കേരളത്തിലായിരുന്നെങ്കിലും ഫലപ്രദമായ പ്രതിരോധ പ്രവര്‍ത്തനംകൊണ്ട് നിയന്ത്രണവിധേയമാക്കാന്‍ നമുക്കായി. അതിന് കേരളം എന്നും കടപ്പെട്ടിരിക്കുന്നത് ഡോക്ടര്‍മാരും നഴ്‌സുമാരും ലാബ്‌ടെക്‌നീഷ്യന്മാരും ആസ്പത്രികളിലെ ക്ലീനിങ് ജീവനക്കാര്‍ ഉള്‍പ്പടെയുള്ള ആരോഗ്യപ്രവര്‍ത്തകരോടുമാണ്. സ്വന്തം കുടുംബത്തെപ്പോലും അവഗണിച്ച് രാപ്പകലുകളില്ലാതെ അവര്‍ നമുക്കുവേണ്ടി ത്യാഗസന്നദ്ധതയോടെ സേവനം ചെയ്യുന്നു. നിപ പ്രതിരോധത്തിനിടെ വിടപറഞ്ഞ നഴ്‌സ് ലിനിയെ ഈ സന്ദര്‍ഭത്തില്‍ നാം അനുസ്മരിക്കണം.
ലോകം ഇന്ന് അംഗീകരിക്കുകയും അഭിനന്ദിക്കുകയും ചെയ്യുകയാണ് കേരളത്തിലെ ആരോഗ്യ പ്രവര്‍ത്തകരെ. പകച്ചു നില്‍ക്കാതെ ഈ മഹാമാരിയെ തുരത്താനുള്ള പ്ലാസ്മാ തെറാപ്പി പോലുള്ള പുതിയ ചികിത്സാ സംവിധാനങ്ങള്‍ കേരളത്തില്‍ ആരംഭിക്കാന്‍ പോകുന്നു. ഇത് ഏറെ അഭിമാനകരമായ നേട്ടം തന്നെയാണ്. പതിറ്റാണ്ടുകളുടെ പരിശ്രമങ്ങള്‍കൊണ്ട് നാം നേടിയെടുത്തതാണ് ഈ കരുത്ത്.
പ്രതിരോധ പ്രവര്‍ത്തനങ്ങില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കുന്നതിന് മുസ്‌ലിംലീഗിന്റെ സന്നദ്ധ പ്രവര്‍ത്തകര്‍ ജാഗരൂഗരായിരിക്കണം. ഐസലേഷന് വേണ്ട സൗകര്യമൊരുക്കുന്നതിന് സ്ഥാപനങ്ങള്‍ വിട്ടുനല്‍കാനുള്ള സന്നദ്ധത അധികൃതരെ അറിയിച്ചിട്ടുണ്ട്.
ലോകത്തെല്ലായിടത്തെയും പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മലയാളികളുടെ സാന്നിധ്യമുണ്ട്. സ്വയംപ്രതിരോധത്തിനുള്ള മാസ്‌ക്, പി.പി.ഇ കിറ്റുകള്‍ എന്നിവയടക്കം മതിയായ സംവിധാനങ്ങള്‍പോലുമില്ലാതെ അപകടകരമായ സാഹചര്യത്തിലാണ് ഇവര്‍ ആതുരസേവനം ചെയ്യുന്നത്. പലര്‍ക്കും രോഗം പിടിപെട്ടു. ഭക്ഷണവും വെള്ളവുമില്ലാതെയാണ് അവര്‍ സേവനം തുടരുന്നു. താമസസൗകര്യം ശുചിമുറികള്‍ എന്നിവയില്ലാതെ ദുരിതമനുഭവിക്കുന്നവരും കൂട്ടത്തിലുണ്ട്. ഇവരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ ജാഗ്രത പുലര്‍ത്തണം. വിദേശങ്ങളിലുള്ള പ്രവാസി ഇന്ത്യക്കാര്‍ക്കെന്ന പോലെ ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള എല്ലാ സഹായങ്ങളും ലഭ്യമാക്കുന്നതിന് കെ.എം.സി.സിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പതിനായിരക്കണക്കിന് പ്രവാസികളും ദുരന്തമുഖത്താണ്. രോഗബാധ, ലോക് ഡൗണ്‍, കര്‍ഫ്യൂ എന്നിവ കാരണം പ്രവാസികള്‍ ഏറെ ദുരിതം അനുഭവിക്കുകയാണ്. ഭക്ഷണം പോലും ലഭിക്കാതെ പലരും തിങ്ങിപ്പാര്‍ക്കുകയാണ്. ജോലിയില്ലാതെ ആശങ്കയില്‍ കഴിയുന്ന ഇവര്‍ക്ക് വേണ്ട സഹായങ്ങളെത്തിക്കുന്നതിന് കേന്ദ്രസര്‍ക്കാറും വിദേശരാജ്യങ്ങളിലെ എംബസികളും കൂടുതല്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കണം. ജോലി നഷ്ടപ്പെട്ടവരെയും പ്രായമായവരെയും ഗര്‍ഭിണികളെയും വിദേശങ്ങളില്‍ നിന്ന് ഘട്ടം ഘട്ടമായി നാട്ടിലെത്തിക്കണമെന്നും ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

Leave a Reply