കൊറോണ വൈറസ് ലോക സമാധാനത്തിനും സുരക്ഷയ്ക്കും ഭീഷണിയാണെന്ന് സെക്രട്ടറി ജനറൽ ആന്റോണിയോ ഗുട്ടെറസ് യുഎൻ സുരക്ഷാ സമിതിക്ക് മുന്നറിയിപ്പ് നൽകി. ദ്രുതഗതിയിലുള്ള വൈറസ് വ്യാപനം പിടിച്ച് കെട്ടാൻ കഴിഞ്ഞില്ലെങ്കിൽ ഗുരുതര സാമൂഹ്യ പ്രശനങ്ങളിലേക്കിത് വഴി വെക്കാനിടയുണ്ട്. അത് നമ്മുടെ പ്രതിരോധ പ്രവർത്തനങ്ങൾക്ക് തടസ്സമാവും ഗുട്ടെറസ് പറഞ്ഞു.
കൊവിഡ്- 19 പരക്കെ വ്യാപിക്കുന്നതിനിടെ മാർച്ച് -23 ന് ഗുട്ടെറസ് , എല്ലാ സംഘര്‍ഷബാധിത പ്രദേശങ്ങളിലും വെടിനിർത്തൽ ആവശ്യപ്പെട്ടിരുന്നു. ആഗോള പ്രശ്ന പരിഹാരത്തിന് പകർച്ചവ്യാധിയായ വൈറസ് ഒരു തലവേദനയാണെന്നും വ്യക്തമാക്കി.
ഈ പ്രതിസന്ധി ഘട്ടത്തിൽ ലോകരാജ്യങ്ങളുടെ ഒത്തൊരുമിച്ചുള്ള പ്രവർത്തനം അനിവാര്യമാണെന്ന്, വൈറസുമായി ബന്ധപ്പെട്ട ആദ്യ സുരക്ഷാകൗണ്‍സില്‍ മീറ്റിങ്ങിൽ സെക്രട്ടറി ജനറൽ ഊന്നി പറഞ്ഞു.
പകർച്ചവ്യാധിയാൽ വന്നേക്കാവുന്ന മറ്റ് ഗുരുതര പ്രശ്നങ്ങളെയും അദ്ദേഹം ചൂണ്ടിക്കാട്ടി: “ഭീകരവാദികൾ അവസരങ്ങൾ ചൂഷണം ചെയ്യാനും , സാമ്പത്തിക മാന്ദ്യം , തിതിരഞ്ഞെടുപ്പ് മാറ്റിവെക്കുന്നതിനായുളള രാഷ്ട്രീയ സംഘർഷങ്ങൾ തുടങ്ങി പല പ്രശ്നങ്ങള്‍ക്കും പ്രതിസന്ധികള്‍ക്കും വൈറസ് കാരണമാവും.”
15 അംഗ സുരക്ഷാ കൗൺസിലിന്റെ രഹസ്യസ്വഭാവമുളള കോണ്‍ഫറന്‍സ് തീരുമാനങ്ങള്‍ പുറത്തുവിടാറില്ല, എന്നാൽ വിഷയത്തിൻ്റെ ഗൗരവം മാനിച്ച് കൊണ്ട് യുഎൻ സെക്രട്ടറി ജനറലിന്റെ പരാമർശങ്ങളുടെ ഒരു പകർപ്പ് പുറത്ത് വിടുകയാണെന്ന് യു എന്‍ വ്യക്തമാക്കി.