പ്രവാസിക്ക് തിരികെ മടങ്ങണം, തീരത്തടുക്കണം

തിരികെ താന്‍ വരുമെന്ന വാര്‍ത്തകേള്‍ക്കാന്‍ കാത്തിരിക്കുന്നവരായി, ഇപ്പോള്‍ വിരലിലെണ്ണാവുന്നവര്‍ മാത്രമാണ് പ്രവാസികളിലുളളത്. കൊറോണ വൈറസ് വാഹകരല്ല ഞങ്ങളെല്ലെന്ന്, ഊണിലും ഉറക്കത്തിലും ഓരോ പ്രവാസിയും നാടിനോട് പറയുന്നുണ്ട്. എന്തുകൊണ്ടാണ്, ഗള്ഫിലെ അതിഥി തൊഴിലാളികളായ തങ്ങളോട്, നാട്, ആ പരിഗണന കാണിക്കാത്തതെന്നാണ് പ്രവാസികളുന്നയിക്കുന്ന ചോദ്യം. യുഎഇ ലോകത്തിന്റെ പരിച്ഛേദമാണെന്ന് നാം പറയാറുണ്ട്. അതിനൊരുകാരണം, 150 ലധികം രാജ്യങ്ങളില്‍ നിന്നുളളവര്‍ ഇവിടെയുണ്ട് എന്നതുതന്നെയാണ്. ലക്ഷകണക്കിന് ഇന്ത്യാക്കാരുളള യുഎഇയില്‍ ജോലി നഷ്ടപ്പെട്ടും, സന്ദര്‍ശകവിസയിലെത്തി ജോലി കിട്ടാതെയുമൊക്കെയുളളവക്കായി വിമാനസര്‍വ്വീസ് ഏര്‍പ്പെടുത്തണമെന്ന ആവശ്യവും ശക്തമാവുകയാണ്. കോവിഡ് കാലത്തെ യാത്രവിലക്കും വിമാനവിലക്കും വരുന്നതിന് മുന്പ് ഗള്ഫ് രാജ്യങ്ങളിലെത്തിയവര്‍. പലരും ജോലിക്കായി കടലു കടന്നവരാണ്. പ്രതീക്ഷിച്ചതല്ല ഇവിടെ സംഭവിച്ചത്. ലോകം മുഴുവന്‍ കോവിഡ് വ്യാപനത്തില്‍ വിറങ്ങലിച്ചു നിന്നപ്പോള്‍ കാര്യങ്ങള്‍ വ്യക്തമാകുന്നതിന് മുന്‍പ് തന്നെ, അന്യനാട്ടില്‍ തന്നെ നില്‍ക്കേണ്ടി വന്നു. പലരുടെയും കൈയ്യില്‍ നിത്യവൃത്തിക്കുപോലും പണമില്ല. സുഹൃത്തുക്കളുടെയും അടുത്ത ബന്ധുക്കളുടെയും കരുണയില്‍ ജീവിതം മുന്നോട്ട് തളളി നീക്കുന്നവര്‍.അവര്‍ കാത്തിരിക്കുന്നത്, ഇന്ത്യയുടെ വ്യോമയാന വാതില്‍ അവര്‍ക്കുമുന്നില്‍ തുറക്കുന്ന ആ നിമിഷത്തിനായാണ്.

അതുപോലെ തന്നെയാണ് ജോലി നഷ്ടമായവരും. അപ്രതീക്ഷിതമായി ജോലി നഷ്ടപ്പെട്ടവര്‍, ശമ്പളം പാതിയായവര്‍, നാട്ടിലെ ചെലവിനയച്ചാല്‍ ഓട്ടകീശയാകുന്നവര്‍ അവര്‍ക്കെല്ലാം, പറയാനുളളത്, എത്രയും പെട്ടന്ന് നാട്ടിലേക്ക് എത്തിപ്പെടാനൊരുമാര്‍ഗമെന്നുളളത് മാത്രമാണ്. കുവൈറ്റും യുഎഇയും രാജ്യത്തുളള വിദേശ പൌരന്മാരെ നാട്ടിലേക്ക് എത്തിക്കാന്‍ തയ്യാറാണെന്ന് ഇതിനകം തന്നെ വ്യക്തമാക്കിയിരുന്നു. ദുബായുടെ ഔദ്യോഗിക വിമാനകമ്പനിയായ എമിറേറ്റ്‌സും ബജറ്റ് എയര്‍ലൈനായ ഫ്‌ലൈ ദുബായും പറക്കാന്‍ സന്നദ്ധമാണെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇന്ത്യയില് ലോക് ഡൌണ് അവസാനിച്ചാലും വിമാന സര്‍വ്വീസുകള്‍ പൂര്‍ണ തോതില്‍ പ്രവര്‍ത്തനം ആരംഭിക്കുക മെയ് മാസത്തോടെയായിരിക്കുമെന്നാണ് വിലയിരുത്തല്‍. അതുകൊണ്ടുതന്നെ, ഇവിടെ നിന്ന് നാട്ടിലേക്ക് മടങ്ങണമെന്ന് ആഗ്രഹിക്കുന്നവരെ അവിടെയെത്തിക്കുന്നതിനുളള നടപടികള്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള് കൈക്കൊളളണമെന്നാണ് ആവശ്യമുയരുന്നത്.

Leave a Reply