മലപ്പുറം ജില്ലയില്‍ രണ്ടു പേര്‍ക്കു കൂടി കോവിഡ് 19 ബാധ

0
411
  • വൈറസ് ബാധിതര്‍ നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്ത നിലമ്പൂര്‍ ചുങ്കത്തറ സ്വദേശി 30 കാരനും കോഴിച്ചെന തെന്നല വാളക്കുളം സ്വദേശി 48 കാരനും

മലപ്പുറം ജില്ലയില്‍ രണ്ടു പേര്‍ക്കു കൂടി കോവിഡ് ബാധ സ്ഥിരീകരിച്ചു. ഡല്‍ഹി നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്ത് തിരിച്ചെത്തിയ നിലമ്പൂര്‍ ചുങ്കത്തറ സ്വദേശി 30 കാരനും കോഴിച്ചെന തെന്നല വാളക്കുളം സ്വദേശി 48 കാരനുമാണ് വൈറസ് ബാധയെന്ന് ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് അറിയിച്ചു. വൈറസ് ബാധ സ്ഥിരീകരിച്ചതോടെ ഇരുവരേയും മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന പറഞ്ഞു. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 19 ആയി. ഇതില്‍ രണ്ടു പേര്‍ രോഗമുക്തരായി ആശുപത്രി വിട്ടു. 17 പേരാണ് നിലവില്‍ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസൊലേഷന്‍ കേന്ദ്രത്തില്‍ ചികിത്സയില്‍ തുടരുന്നത്.

മാര്‍ച്ച് ഏഴിനാണ് നിലമ്പൂര്‍ ചുങ്കത്തറ സ്വദേശിയായ 30 കാരന്‍ ഡല്‍ഹിയിലേക്ക് പുറപ്പെടുന്നത്. കൊണ്ടോട്ടിക്കടുത്തുള്ള മൊറയൂരില്‍ നിന്ന് കാളികാവ് സ്വദേശിയായ ഒരാള്‍ക്കൊപ്പം കോഴിക്കോട് വഴി കണ്ണൂരിലെത്തി വിവിധ ജില്ലകളില്‍ നിന്നെത്തിയ മറ്റ് അഞ്ചു പേര്‍ക്കൊപ്പം വിമാനമാര്‍ഗ്ഗം ഡല്‍ഹിയിലെത്തി. മാര്‍ച്ച് ഏഴു മുതല്‍ 10 വരെ നിസാമുദ്ദീനിലെ ബംഗ്ലാവാലി പള്ളിയില്‍ താമസിച്ച് ഏഴിനും എട്ടിനും നടന്ന സമ്മേളനത്തില്‍ പങ്കെടുത്തു. മാര്‍ച്ച് 10ന് ഉത്തര്‍ പ്രദേശിലെ ദയൂബന്ദിലും പിന്നീട് ലഖ്‌നൗവിലുമെത്തി. 12 വരെ അവിടെ നദ്‌വത്തുല്‍ ഉലമ മദ്രസയില്‍ താമസിച്ചു. 12ന് നിസാമുദ്ദീനില്‍ തിരിച്ചെത്തി ഉച്ചയ്ക്കു ശേഷം മൂന്ന് മണിയ്ക്കുള്ള 6 ഇ – 6193 ഇന്‍ഡിഗോ വിമാനത്തില്‍ യാത്ര ചെയ്ത് രാത്രി ഏഴിന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തി.

നെടുമ്പാശ്ശേരിയില്‍ നിന്ന് സംഘത്തിലുണ്ടായിരുന്ന അങ്കമാലി സ്വദേശിയുടെ കാറില്‍ മറ്റു രണ്ടു പേര്‍ക്കൊപ്പം അങ്കമാലിയിലെത്തി. അവിടെ നിന്ന് കെ.എസ്.ആര്‍.ടി.സി ബസില്‍ രാത്രി 12 മണിയ്ക്ക് പെരിന്തല്‍മണ്ണയിലെത്തി തബ്‌ലീഗ് പള്ളിയില്‍ താമസിച്ചു. മാര്‍ച്ച് 13ന് രാവിലെ ബൈക്കില്‍ മലപ്പുറത്തിനടുത്ത് വള്ളുവമ്പ്രത്തെത്തി. 15 വരെ ഒമ്പത് പേര്‍ക്കൊപ്പം തബ്‌ലീഗ് പള്ളിയില്‍ താമസിക്കുകയും ജമാഅത്തില്‍ പങ്കെടുക്കുകയും ചെയ്തു. 15ന് അടുത്ത പ്രദേശമായ വെള്ളൂരിലെത്തി 19 വരെ തബ്‌ലീഗ് പള്ളിയില്‍ താമസിക്കുകയും 17 പേര്‍ക്കൊപ്പം ജമാഅത്തില്‍ പങ്കെടുക്കുകയും ചെയ്തു. 19ന് ആലത്തൂര്‍പ്പടി തബ്‌ലീഗ് പള്ളിയില്‍ എത്തി 24 വരെ 17 അംഗ സംഘമായി താമസിക്കുകയും ജമാഅത്തില്‍ പങ്കെടുക്കുകയും ചെയ്തു.

മാര്‍ച്ച് 24ന് നിലമ്പൂര്‍ ചുങ്കത്തറയിലെ തബ്‌ലീഗ് പള്ളിയില്‍ എത്തി അഞ്ചു പേര്‍ക്കൊപ്പം മൂന്ന് ദിവസം താമസിച്ചു. 27ന് അടുത്തുള്ള ക്വാര്‍ട്ടേഴ്‌സിലേക്ക് മാറി. ചുങ്കത്തറയില്‍ എത്തിയ ശേഷം ഈ ദിവസങ്ങളിലെല്ലാം വീട്ടുകാരുമായും നാട്ടുകാരുമായും അടുത്ത് ഇടപഴകി. 31ന് രാവിലെ ചുങ്കത്തറയിലെ സ്വന്തം വീട്ടിലേക്കു മാറി. ഏപ്രില്‍ എട്ടിന് ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശപ്രകാരം ആംബുലന്‍സില്‍ നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലെത്തി സാമ്പിള്‍ നല്‍കിയ ശേഷം വീട്ടിലേക്കു മടങ്ങി. ഇന്ന്‌ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു.

കോട്ടക്കല്‍ കോഴിച്ചെനക്കടുത്ത് തെന്നല വാളക്കുളം സ്വദേശിയായ 48 കാരന്‍ മാര്‍ച്ച് ഏഴിന് കരിപ്പൂര്‍ വഴി വിമാനമാര്‍ഗ്ഗം ഡല്‍ഹി നിസാമുദ്ദീനില്‍ എത്തി. ഏഴു മുതല്‍ 10 വരെ നിസാമുദ്ദീനിലെ ബംഗ്ലാവാലി പള്ളിയില്‍ താമസിച്ച് സമ്മേളനത്തില്‍ പങ്കെടുത്തു. 10 മുതല്‍ 11 വരെ ഡല്‍ഹി കരോള്‍ വാലിയിലെ സ്വകാര്യ ഫ്‌ളാറ്റില്‍ താമസിച്ചു. 11ന് രാവിലെ ഒമ്പത് മണിയ്ക്ക് ഡല്‍ഹിയില്‍ നിന്ന് എ.ഐ – 425 എയര്‍ ഇന്ത്യ വിമാനത്തില്‍ നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്ത മറ്റൊരാള്‍ക്കൊപ്പം ഉച്ചയ്ക്ക് 12 മണിയ്ക്ക് കരിപ്പൂര്‍ വിമാനത്താവളത്തിലെത്തി. പരിശോധനകള്‍ പൂര്‍ത്തിയാക്കിയ ശേഷം കൂടെയുണ്ടായിരുന്നയാളുടെ കാറില്‍ കുന്നുംപുറത്തെത്തി അവിടെ നിന്ന് സഹോദരന്റെ മകനോടൊപ്പം കാറില്‍ വീട്ടിലെത്തി.

മാര്‍ച്ച് 12ന് പെരിന്തല്‍മണ്ണയിലെ തബ്‌ലീഗ് പള്ളിയില്‍ എത്തി നൂറിലധികം ആളുകള്‍ക്കൊപ്പം ജുമുഅ നമസ്‌ക്കാരത്തില്‍ പങ്കെടുത്തു. വൈകുന്നേരം പാലച്ചിറമാട് മദ്രസയില്‍ 30 പേര്‍ക്കൊപ്പം ലഹരി വിരുദ്ധ പരിപാടിയിലും 14 ന് കോഴിച്ചെനയില്‍ നടന്ന ലഹരി വിരുദ്ധ പരിപാടിയിലും പങ്കെടുത്തു. 19 ന് കോട്ടക്കലിലുള്ള സ്വന്തം സ്ഥാപനത്തിലെ നാല് ജീവനക്കാര്‍ക്കൊപ്പം മീറ്റിങിലും പങ്കെടുത്തിട്ടുണ്ട്. അന്ന് രാത്രി കോട്ടക്കലിലെ പള്ളിയില്‍ നൂറോളം പേര്‍ക്കൊപ്പവും 20ന് ഉച്ചയ്ക്ക് 300-ാളം പേര്‍ക്കൊപ്പവും നമസ്‌ക്കാരങ്ങളില്‍ പങ്കെടുത്തു. 21 മുതല്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങിയില്ല. എന്നാല്‍ വീട്ടുകാരുമായും അടുത്തു താമസിക്കുന്ന സഹോദരനും കുടുംബവുമായും അടുത്ത് ഇടപഴകിയിട്ടുണ്ട്. ഏപ്രില്‍ എട്ടിന് ആരോഗ്യ വകുപ്പിന്റെ നിര്‍ദേശപ്രകാരം പൊതു സമ്പര്‍ക്കമില്ലാതെ സ്വന്തം കാറില്‍ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെ ഐസൊലേഷന്‍ കേന്ദ്രത്തിലെത്തി സാമ്പിള്‍ നല്‍കിയ ശേഷം വീട്ടിലേക്ക് മടങ്ങി. ആരോഗ്യ വകുപ്പിന്റെ നിര്‍ദേശമനുസരിച്ച് ആംബുലന്‍സില്‍ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തി ഐസൊലേഷനില്‍ പ്രവേശിച്ചു.

വൈറസ്ബാധ സ്ഥിരീകരിച്ച ഇരുവരും വീട്ടുകാരുമായി അടുത്ത് ഇടപഴകിയതായി ആരോഗ്യ പ്രവര്‍ത്തകര്‍ കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ നിലമ്പൂര്‍ ചുങ്കത്തറ സ്വദേശിയുടെ പിതാവ്, മാതാവ്, ഭാര്യ, മൂന്ന് മക്കള്‍, മൂന്ന് സഹോദരന്മാര്‍, മൂന്ന് സഹോദരിമാര്‍, ഒരു സഹോദരീ ഭര്‍ത്താവ് എന്നിവരേയും തെന്നല വാളക്കുളം സ്വദേശിയുടെ ഭാര്യ, എട്ട് മക്കള്‍, വീട്ടുജോലിക്കാരി, വൈറസ് ബാധിതന്റെ സഹോദരന്‍, സഹോദരന്റെ ഭാര്യ, മൂന്ന് മക്കള്‍, രണ്ട് മരുമക്കള്‍, രണ്ട് പേരമക്കള്‍ എന്നിവരേയും മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസൊലേഷന്‍ കേന്ദ്രത്തിലേക്ക് മാറ്റി പ്രത്യേക നിരീക്ഷണമേര്‍പ്പെടുത്തിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

വൈറസ്ബാധ സ്ഥിരീകരിച്ച രണ്ടു പേരും ജാഗ്രതാ നിര്‍ദ്ദേശം പാലിക്കാതെ പൊതു സമ്പര്‍ക്കം പുലര്‍ത്തിയിട്ടുണ്ടെന്നും ഇവരുമായി അടുത്ത് ഇടപഴകിയവരും ഒരുമിച്ച് യാത്ര ചെയ്തവരും നിര്‍ബന്ധമായും സ്വയം നിരീക്ഷണത്തില്‍ കഴിയണമെന്നും ജില്ലാ കലക്ടര്‍ ആവശ്യപ്പെട്ടു. ആരോഗ്യ പ്രശ്‌നങ്ങളോ രോഗലക്ഷണങ്ങളോ ഉണ്ടെങ്കില്‍ നേരിട്ട് ആശുപത്രികള്‍ സന്ദര്‍ശിക്കാതെ ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പാലിക്കണം. കണ്‍ട്രോള്‍ സെല്‍ നമ്പര്‍ – 0483 2737858, 2737857, 2733251, 2733252, 2733253.

കോവിഡ് 19: മലപ്പുറം ജില്ലയില്‍ 224 പേര്‍ കൂടി നിരീക്ഷണത്തില്‍

  • ജില്ലയിലിപ്പോള്‍ നിരീക്ഷണത്തിലുള്ളത് 14,437 പേര്‍

കോവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി മലപ്പുറം ജില്ലയില്‍ ഇന്ന്‌ മുതല്‍ 224 പേര്‍ക്കുകൂടി പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തി. ഇതോടെ ജില്ലയില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 14,437 ആയതായി ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് അറിയിച്ചു. ഇന്ന്‌ 84 പേരാണ് വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 81 പേരാണ് ഐസൊലേഷനിലുള്ളത്. തിരൂര്‍ ജില്ലാ ആശുപത്രിയില്‍ മൂന്ന് പേരും ഐസൊലേഷന്‍ വാര്‍ഡുകളിലുണ്ട്. 14,293 പേരാണ് ഇപ്പോള്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 60 പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലും സ്വയം നിരീക്ഷണത്തില്‍ കഴിയുന്നു.

കോവിഡ് ബാധിതരുടെ ആരോഗ്യ നില തൃപ്തികരം

കോവിഡ് 19 ബാധിച്ച് മലപ്പുറം ജില്ലയില്‍ ഇപ്പേള്‍ ചികിത്സയില്‍ കഴിയുന്നവരുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 17 പേര്‍ക്കാണ് ഇതുവരെ ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതില്‍ രണ്ട് പേര്‍ വിദഗ്ധ ചികിത്സക്കു ശേഷം രോഗമുക്തരായി ആശുപത്രി വിട്ടു. 15 പേരാണ് നിലവില്‍ കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐസൊലേഷനിലുള്ളത്.

വെള്ളിയാഴ്ച ലഭിച്ച പരിശോധനാ ഫലങ്ങളില്‍ 129 പേര്‍ക്കു കൂടി രോഗബാധയില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വ്യക്തമാക്കി. ജില്ലയില്‍ ഇതുവരെ 1,067 പേര്‍ക്ക് വൈറസ് ബാധയില്ലെന്ന് വിദഗ്ധ പരിശോധനകള്‍ക്കു ശേഷം ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചു. 118 പേരുടെ പരിശോധനാ ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്.

ആരോഗ്യ ജാഗ്രത കര്‍ശനമാക്കി ദ്രുത കര്‍മ്മ സംഘങ്ങള്‍

കോവിഡ് 19 മുന്‍കരുതല്‍ പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ കര്‍ശനമായി തുടരുകയാണെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. വാര്‍ഡ് തലങ്ങളില്‍ ദ്രുത കര്‍മ്മ സംഘങ്ങളുടെ നേതൃത്വത്തില്‍ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ഇന്ന്‌ പ്രത്യേക നിരീക്ഷണത്തില്‍ കഴിയുന്നവരുള്ള 6,278 വീടുകള്‍ ദ്രുത കര്‍മ്മ സംഘങ്ങള്‍ സന്ദര്‍ശിച്ച് ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ കൈമാറി. ഇതിനൊപ്പം നിരീക്ഷണത്തിലുള്ളവര്‍ പൊതു സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ടോയെന്നും സംഘം നിരീക്ഷിച്ചു വരികയാണ്. 2,194 സ്‌ക്വാഡുകളാണ് ജില്ലയില്‍ പ്രവര്‍ത്തിക്കുന്നത്.

കര്‍മ്മനിരതമായി ജില്ലാതല കണ്‍ട്രോള്‍ സെല്‍

കോവിഡ് വ്യാപനം തടയാനുള്ള പ്രവര്‍ത്തനങ്ങള്‍ ജില്ലാതല കണ്‍ട്രോള്‍ സെല്ലിന്റെ ആഭിമുഖ്യത്തില്‍ തുടരുകയാണ്. ഇന്ന്‌ 102 പേര്‍ കണ്‍ട്രോള്‍ സെല്ലുമായി ഫോണില്‍ ബന്ധപ്പെട്ടു. വീടുകളില്‍ നിരീക്ഷണത്തിലുള്ളവര്‍ക്ക് മാനസിക പിന്തുണ ഉറപ്പാക്കുന്നതിന്റെ ഭാഗമായി 14 പേരുമായി വിദഗ്ധ സംഘം ഫോണ്‍ വഴി ബന്ധപ്പെട്ടു. 29 പേര്‍ക്ക് കൗണ്‍സലിംഗ് നല്‍കി.

നിരീക്ഷണത്തിലുള്ളവരുടെ വീടുകളിലുള്ള മുതിര്‍ന്ന പൗരന്മാര്‍ക്കും ആരോഗ്യ സുരക്ഷ ഉറപ്പാക്കിയിട്ടുണ്ട്. ഇത്തരത്തിലുള്ള 537 മുതിര്‍ന്ന പൗരന്മാരെ പാലിയേറ്റീവ് നഴ്‌സുമാര്‍ വഴി കണ്ടെത്തി ആരോഗ്യ ജാഗ്രതാ നിര്‍ദേശങ്ങള്‍ കൈമാറി. പ്രത്യേക നിരീക്ഷണത്തില്‍ കഴിയുന്നവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരെ കണ്ടെത്താനുള്ള പ്രവര്‍ത്തനങ്ങളും പുരോഗമിക്കുകയാണ്. ഇതിനായി 29 പേരുമായി കണ്‍ട്രോള്‍ സെല്ലില്‍ നിന്ന് കോണ്‍ടാക്ട് ട്രെയ്‌സിംഗ് വിഭാഗം വെള്ളിയാഴ്ച ഫോണില്‍ ബന്ധപ്പെട്ട് വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.

Leave a Reply