യമനില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് സഖ്യസേന

സൗദി അറേബ്യ: സൗദി – യു.എ.ഇ സഖ്യ സേന യമനില്‍ രണ്ടാഴ്ച്ചത്തേക്ക് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു. പ്രാദേശിക സമയം വ്യാഴ്യാഴ്ച്ച ഉച്ചക്ക് 12 മണി മുതല്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപനം പ്രാബല്യത്തില്‍ വരുമെന്ന് സഖ്യസേന തലവന്‍ തുര്‍ക്കി അല്‍ മാലിക്കിയെ ഉദ്ധരിച്ച് സൗദി അറേബ്യ ദേശീയ വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. യമനിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ സഹായിക്കാനാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന മേഖലകളില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന് ഐക്യരാഷ്ട്ര സഭ ആവശ്യപ്പെട്ടിരുന്നു. യു.എന്‍ മധ്യസ്ഥതയില്‍ നടക്കുന്ന ചര്‍ച്ചകളുടെ ഭാഗമാവാന്‍ ഹൂതി വിമതര്‍ക്കുള്ള അവസരമാണിതെന്നും സൗദി ദേശീയ വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഹൂതികള്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തോട് പ്രതികരിച്ചിട്ടില്ല. യമനിലെ ഉപരോധം പിന്‍വലിക്കാന്‍ സമഗ്രമായ പദ്ധതി ഐക്യരാഷ്ട്ര സഭക്ക് മുമ്പാകെ സമര്‍പ്പിച്ചിട്ടുണ്ടെന്ന് ഹൂതി വിഭാഗം അറിയിച്ചിരുന്നു.2014-ല്‍ അംഗീകൃത സര്‍ക്കാരിനെ ഹൂതി വിഭാഗം അട്ടിമറിച്ചത് മുതലാണ് യമനില്‍ സംഘര്‍ഷാവസ്ഥക്ക് തുടക്കമായത്. ഔദ്യോഗിക കണക്ക് പ്രകാരം ഇതുവരെ ഒരു ലക്ഷത്തിലധികം പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

Leave a Reply