യുഎഇയിലെ ഇന്ത്യക്കാരെ നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് ദുബൈ കെഎംസിസി ഹൈക്കോടതിയിൽ

  • കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ ചാർട്ടഡ് വിമാനങ്ങളിൽ ഇന്ത്യയിൽ എത്തിക്കാൻ അനുമതി നൽകണം

  • തിരികെയെത്തിക്കുന്നവരെ ക്വാറന്റൈൻ ചെയ്യാനും ചികിത്സ നൽകാനും നടപടിവേണം

  • ജോലിയും ഭക്ഷണവുമില്ലാതെ ലേബർ ക്യാമ്പുകളിലടക്കം കുടുങ്ങിക്കിടക്കുന്നവരെ അടിയന്തരമായി നാട്ടിൽ എത്തിക്കാൻ കോടതി ഇടപെടണമെന്ന് ആവശ്യം

  • സ്വന്തം പൗരന്മാരെ നാട്ടിലേക്ക് വരുന്നത് വിലക്കിയതിലൂടെ തുല്യതയ്ക്കും ജീവിക്കാനുമുള്ള ഭരണഘടനാ അവകാശങ്ങൾ ലംഘിക്കപ്പെട്ടതായി വാദം

കൊച്ചി/ ദുബായ് : കോവിഡ്-19 നെ തുടർന്ന് യുഎഇയിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ നാട്ടിലേക്ക് തിരിച്ചെത്തിക്കാൻ വിമാന സർവീസ് അനുവദിക്കണമെന്ന ആവശ്യവുമായി ദുബായ് കെഎംസിസി കേരള ഹൈക്കോടതിയെ സമീപിച്ചു. ലേബർ ക്യാമ്പുകളിൽ ജോലിയും ഭക്ഷണവും ഇല്ലാതെ കുടുങ്ങിക്കിടക്കുന്നവരെയടക്കം അടിയന്തരമായി നാട്ടിൽ എത്തിക്കാനായി യാത്രാവിലക്കിൽ ഇളവ് നൽകണമെന്ന് ആവശ്യപ്പെട്ട് കെഎംസിസി ദുബായ് പ്രസിഡന്റ് ഇബ്രാഹിം എളേട്ടിൽ പ്രമുഖ സുപ്രീം കോടതി അഭിഭാഷകൻ ഹാരിസ് ബീരാൻ , അഡ്വ. എം. മുഹമ്മദ് ഷാഫി എന്നിവർ മുഖേനയാണ് റിട്ട് ഹർജി ഫയൽ ചെയ്തത്. ചാർട്ടഡ് വിമാനങ്ങളിൽ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ സർവീസ് തുടങ്ങാൻ തയാറാണെന്ന് എമിറേറ്റ്സ് , ഫ്‌ളൈ ദുബായ് കമ്പനികൾ അറിയിച്ചിട്ടും സർക്കാർ അനുമതി നൽകാത്ത സാഹചര്യത്തിലാണ് കെഎംസിസിയുടെ നിയമ നടപടി.

സന്നദ്ധതയറിയിച്ച വിമാനകമ്പനികൾ വഴി കുടുങ്ങിക്കിടക്കുന്ന എല്ലാ ഇന്ത്യക്കാരേയും നാട്ടിൽ എത്തിക്കാൻ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിനും വ്യോമയാനമന്ത്രാലയത്തിനും നിർദ്ദേശം നൽകണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം. തിരികെയെത്തിക്കുന്നവരെ ലോകാരോഗ്യ സംഘടനയുടെ മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം ക്വാറന്റൈൻ ചെയ്‌ത് വൈദ്യസഹായം ലഭ്യമാക്കണം. യുഎഇയിൽ കൊറോണ കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ സഹായം അഭ്യർത്ഥിച്ച് വിദേശകാര്യമന്ത്രിക്കും യുഎഇയിലെ ഇന്ത്യൻ സ്ഥാനപതിക്കും മുഖ്യമന്ത്രി പിണറായി വിജയനും കെഎംസിസി കത്തു നൽകിയിരുന്നു. എന്നാൽ സാഹചര്യം കേന്ദ്ര സർക്കാരിനെ ധരിപ്പിച്ചിട്ടുണ്ടെന്നായിരുന്നു സ്ഥാനപതിയുടെ മറുപടി. ഇന്ത്യയിലേക്കുള്ള വിമാന സർവീസിന് മാർച്ച് 23 ന് ഏർപ്പെടുത്തിയ വിലക്കിൽ ഇളവ് നൽകിയതുമില്ല. കുടുങ്ങിക്കിടക്കുന്ന പൗരന്മാർക്ക് ഭരണഘടന ഉറപ്പു നൽകുന്ന ജീവിക്കാനും തുല്യതയ്ക്കും ഉള്ള അവകാശങ്ങൾ ലംഘിക്കപ്പെടുകയാണെന്നാണ് ഹര്ജിയിലെ വാദം. നിലവിലെ അസാധാരണ സാഹചര്യത്തിൽ ആർട്ടിക്കിൾ 226 പ്രകാരം ഹൈക്കോടതിയെ സമീപിക്കുകയല്ലാതെ നിർവാഹമില്ല.

ഇന്ത്യയിൽ കുടുങ്ങിയ കാനഡ, ജർമനി സ്വദേശികളെ നാട്ടിലെത്തിക്കാൻ എയർ ഇന്ത്യ പ്രത്യേക സർവീസ് നടത്തിയതിന് സമാനമായി യുഎഇയിൽ നിന്ന് ചാർട്ടഡ് വിമാനത്തിൽ ഇന്ത്യക്കാരെ എത്തിക്കണമെന്നാണ് ആവശ്യം. കൊറോണ ബാധിച്ച രാജ്യങ്ങളായ അഫ്‌ഗാനിസ്ഥാൻ, ഫിലിപ്പെയിൻസ്, മലേഷ്യ എന്നീ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് വിലക്ക് ഏർപ്പെടുത്തിയ ശേഷവും മലേഷ്യയിലെ കോലാലംപൂരിൽ നിന്ന് പ്രത്യേക വിമാനത്തിൽ 405 പേരെ ഇന്ത്യയിൽ എത്തിച്ചിരുന്നു. ഇതേ വിമാനത്തിൽ ഇന്ത്യയിലുള്ള 135 മലേഷ്യൻ പൗരന്മാരെ അവരുടെ നാട്ടിലും എത്തിച്ചു.

വിദേശ രാജ്യത്ത് അകപ്പെട്ട സ്വന്തം പൗരന്മാരെ നാട്ടിലെത്തിക്കാൻ ഒമാനടക്കമുള്ള രാജ്യങ്ങൾ വിമാനം ഏർപ്പാടാക്കിയിട്ടുണ്ട്. തൊഴിലന്വേഷിച്ചു സന്ദര്ശ വിസയിൽ വന്ന് കാലാവധി തീർന്നു ചെലവിന് കാശില്ലാതെ വലയുന്നവർ , യാത്രാ നിയന്ത്രണം കാരണം കുട്ടികൾ ഇന്ത്യയിലും മാതാപിതാക്കൾ യുഎഇയിലുമായി കഴിയേണ്ടി വരുന്നവർ, തുടർ ചികിത്സ ലഭ്യമാക്കാൻ ഇന്ത്യയിൽ എത്തേണ്ടത് അനിവാര്യമായ ഗർഭിണികൾ, പരിചരിക്കാൻ മറ്റാരുമില്ലാത്ത അസുഖബാധിതനായവരെ സഹായിക്കേണ്ടതായ കുടുംബാംഗങ്ങൾ, തൊഴിലും ഭക്ഷ്യവസ്തുക്കളും ഇല്ലാതെ ലേബർ ക്യാമ്പുകളിൽ തുടരേണ്ടിവരുന്നവർ എന്നിവരെയൊക്കെ നാട്ടിൽ എത്തിക്കേണ്ടത് അനിവാര്യമാണെന്ന് ഹർജിയിൽ കെഎംസിസി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ലോക്ക്ഡൌൺ ഇളവ് ചെയ്യുന്നതിനെപ്പറ്റി പഠിച്ച വിദ്ഗദ സമിതി വിമാന സർവീസുകൾ ജൂണ് മുതൽ മാത്രമേ അനുവദിക്കാവൂ എന്നാണ് ശുപാർശ നൽകിയത്. ഈ സാഹചര്യത്തിൽ ഹൈക്കോടതി ഇടപെട്ട് കേന്ദ്രസർക്കാരിന് നിർദ്ദേശം നൽകിയാൽ മാത്രമേ പ്രവാസികളുടെ ആശങ്ക ദുരീകരിക്കാൻ കഴിയൂ എന്നും ഹർജി വ്യക്തമാക്കുന്നു.

മറ്റു നിര്‍ദ്ദേശങ്ങള്‍ :

  • തിരികെയെത്തിക്കുന്നവരെ ലോകാരോഗ്യ സംഘടനയുടെ മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം ക്വാറന്റൈൻ ചെയ്‌ത് വൈദ്യസഹായം ലഭ്യമാക്കണം.

  • വിദേശകാര്യമന്ത്രിക്കും സ്ഥാനപതിക്കും മുഖ്യമന്ത്രിക്കും കത്തയച്ചിട്ടും അനുകൂല തീരുമാനമില്ലെന്നു ഹർജിയിൽ ദുബായ് കെഎംസിസി

  • മറ്റു വിദേശരാജ്യങ്ങൾ കുടുങ്ങിക്കിടക്കുന്ന അവരുടെ പൗരന്മാരെ പ്രത്യേക വിമാനത്തിൽ നാട്ടിലെത്തിക്കുന്നത് ഇന്ത്യ മാതൃകയാക്കണം

Leave a Reply