ഒഡീഷയില്‍ ലോക്ഡൗണ്‍ ഏപ്രില്‍ മുപ്പത് വരെ

ഒഡീഷ: ലോക്ഡൗണ്‍ കലാവധി ഏപ്രില്‍ മുപ്പത് വരെ നീട്ടിയതായി ഒഡീഷ സര്‍ക്കാര്‍ ഉത്തരവിറക്കി. പതിനാലിന് അവസാനിക്കുന്ന ലോക്ഡൗണ്‍ നീട്ടാന്‍ കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നതായും ഉത്തരവില്‍ പറയുന്നുണ്ട്. ഇതോടെ ലോക്ഡൗണ്‍ കാലയളവ് നീട്ടിയ ആദ്യ സംസ്ഥാനമായി ഒഡീഷ മാറി. ‘നൂറ്റാണ്ടില്‍ മനുഷ്യ സമൂഹം നേരിട്ട ഏറ്റവും വലിയ ഭീഷണിയാണ് കൊറോണ വൈറസ്. ജന ജീവിതം സാധാരണ നിലയിലാവില്ല. എല്ലാവരും ഈ യാഥാര്‍ത്ഥ്യം ഉള്‍കൊണ്ട് നീങ്ങണമെന്നും മുഖ്യമന്ത്രി നവീന്‍ പട്‌നായിക് ആവശ്യപ്പെട്ടു. എന്നാല്‍ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ ജൂണ്‍ 17 വരെ അടച്ചിടും. കൃഷി, മൃഗ പരിപാലനം തുടങ്ങിയവ സാമൂഹിക അകലം പാലിച്ച് ചെയ്യാനുള്ള സൗകര്യം ഏര്‍പ്പെടുത്താനും സര്‍ക്കാര്‍ ലക്ഷ്യമിടുന്നുണ്ട്. നിലവില്‍, ഒഡീഷയില്‍ പുറത്തിറങ്ങുന്നവര്‍ മാസ്‌ക് ധരിക്കല്‍ നിര്‍ബന്ധമാണ്. 42 പേര്‍ക്കാണ് ഒഡീഷയില്‍ കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ രണ്ട് പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിരുന്നു. ഇരുപത്തിയൊന്ന് ദിവസത്തെ ലോക്ഡൗണ്‍ പൂര്‍ണമായും പിന്‍വലിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയിരുന്നു. സംസ്ഥാന മുഖ്യമന്ത്രിമാരുമായി കൂടിയാലോചിച്ച ശേഷം ഉചിത തിരുമാനം എടുക്കുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. ഇതിനായി ഈ മാസം പതിനൊന്നിന് മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി വീഡിയോ കോണ്‍ഫറന്‍സ് മുഖേന ചര്‍ച്ച സംഘടിപ്പിക്കുന്നുണ്ട്.

Leave a Reply