ഒടുവില്‍ ബേണീ സാന്‍ഡേഴ്‌സ് പിന്മാറി

അമേരിക്ക: അമേരിക്കന്‍ പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പില്‍ നിന്നും ഡെമാക്രാറ്റിക് സ്ഥാനാര്‍ത്ഥി ബേണീ സാന്‍ഡേഴ്‌സ് പിന്മാറി. നിലവില്‍ പാര്‍ട്ടി പ്രൈമറികളില്‍ ബേണീ സാന്‍ഡേഴ്‌സിന്റെ പ്രധാന എതിരാളിയായ ജോ ബൈഡന്‍ ബഹു ദൂരം മുന്നിലാണ്. ഇതോടെ ജോ ബൈഡന്‍ ഡെമാക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയാവാനുള്ള സാധ്യതയേറി.കോര്‍പ്പറേറ്റ് താല്‍പര്യങ്ങള്‍ക്കെതിരെ ധീരമായ നിലപാട് സ്വീകരിക്കാനായെന്ന് ബര്‍ലിങ് ടണിലെ തന്റെ വസതിയില്‍ വെച്ച് നടത്തിയ അവസാന പ്രസംഗത്തില്‍ ബേണീ സാന്‍ഡേഴ്‌സ് പറഞ്ഞു. പ്രൈമറികളില്‍ പരാജയപ്പെട്ടെങ്കിലും ഉയര്‍ത്തിയ വിഷയങ്ങളെ കുറിച്ച് അമേരിക്കന്‍ ജനതയെ ബോധ്യപ്പെടുത്താനായെന്നും താന്‍ നിര്‍ദേശിച്ച ആരോഗ്യ മേഖലയിലെ പദ്ധതികളുടെ ആവശ്യകതയാണ് കോവിഡ് മഹാമാരി ബോധ്യപ്പെടുത്തിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നമ്മുടെ രാഷ്ട്രത്തിനും ഭാവിക്കും മുതല്‍ക്കൂട്ടായ പ്രവര്‍ത്തനങ്ങളാണ് ബേണീ സാന്‍ഡേഴ്‌സ് കാഴ്ച്ചവെച്ചതെന്ന് ജോ ബൈഡന്‍ പ്രതികരിച്ചു. ആദ്യ ഘട്ട പ്രൈമറികളില്‍ മാത്രമാണ് സാന്‍ഡേഴ്‌സിന് വിജയിക്കാനായത്. 2016-ലെ പാര്‍ട്ടി പ്രൈമറിയിലും മത്സരിച്ചിരുന്നു. നിലവില്‍ വെര്‍മോണ്ടില്‍ നിന്നുള്ള സെനറ്ററാണ് ഏഴുപത്തിയെട്ടുക്കാരനായ സാന്‍ഡേഴ്‌സ്.

Leave a Reply