ഇനി ചര്‍ച്ചക്കില്ല, പ്രതിനിധികളെ തിരിച്ചുവിളിച്ച് താലിബാന്‍

കാബൂള്‍: തടവുകാരുടെ ജയില്‍ മോചനത്തെ സംബന്ധിച്ച് അഫ്ഗാന്‍ ഭരണകൂടവുമായി ധാരണയിലെത്താന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് താലിബാന്‍ അഫ്ഗാനില്‍ നിന്നും പ്രതിനിധികളെ തിരിച്ച് വിളിച്ചു. സമാധാന പക്രിയയുടെ ഭാഗമായി നടക്കേണ്ട തടവുപുള്ളികളുടെ മോചനം അഫ്ഗാന്‍ ഭരണകൂടം മനപ്പൂര്‍വം വൈകിപ്പിക്കുകയാണെന്ന് താലിബാന്‍ രാഷ്ട്രീയകാര്യ വക്താവ് സുഹൈല്‍ ശഹീന്‍ ട്വീറ്റ് ചെയ്തു..ദോഹയില്‍ അമേരിക്കയുമായി കരാര്‍ ഒപ്പിട്ട ശേഷം മൂന്നംഗ സംഘത്തെ ചര്‍ച്ചകള്‍ക്കായി താലിബാന്‍ കാബൂളിലേക്ക് അയച്ചിരുന്നു.അമ്പത് വയസ്സ് പ്രായം കവിഞ്ഞ താലിബാന്‍ പേരാളികളെ മാത്രമേ ആദ്യ ഘട്ടത്തില്‍ മോചിപ്പിക്കുകയുള്ളുവെന്ന് അഫ്ഗാന്‍ ഭരണകൂടം വ്യക്തമാക്കിയിരുന്നു.എന്നാല്‍ മറ്റ് പതിനഞ്ച് പേരെ മോചിപ്പിക്കണമെന്നായിരുന്നു താലിബാന്റെ ആവശ്യം. ഇവര്‍ അഫ്ഗാനിസ്ഥാനില്‍ നിരന്തരം അക്രമണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കിയവരാണെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും അഫ്ഗാന്‍ ഭരണകൂടം വ്യക്തമാക്കിയതോടെയാണ് ചര്‍ച്ചകള്‍ വഴിമുട്ടിയത്. ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ അമേരിക്ക ഇടപ്പെട്ടതായി യു.എസ് സ്‌റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ മാധ്യമങ്ങളോട് പറഞ്ഞു.താലിബാന്റെ ചര്‍ച്ചയില്‍ നിന്നുള്ള പിന്മാറ്റം മേഖലയിലെ സമാധാന പക്രിയയെ സാരമായി ബാധിക്കും.

Leave a Reply