കോവിഡ് ശക്തി പ്രാപിക്കുന്നു: അമേരിക്കയില്‍ ഇരുപത്തിനാല് മണിക്കൂറിനിടെ മരിച്ചത് 1942 പേര്‍

കോവിഡ് മഹാമാരി ആഗോള തലത്തില്‍ കൂടുതല്‍ ശക്തി പ്രാപിക്കുന്നു. നിലവില്‍ പതിനാല് ലക്ഷത്തിലധികം പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം മാത്രം എണ്‍പതിനായിരത്താളം പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ രോഗം സ്ഥിരീകരിച്ചവരുള്ളത്. ഇവിടെ രോഗ ബാധിതരുടെ എണ്ണം നാല് ലക്ഷത്തോട് അടുക്കുകയാണ്. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറില്‍ മാത്രം ഏഴായിരത്തിമുന്നൂറിലധികം പേര്‍ക്കാണ് കോവിഡ് മൂലം ജീവന്‍ നഷ്ടപ്പെട്ടത്. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം എണ്‍പത്തിയൊന്നായിരം പിന്നിട്ടു. അമേരിക്കയില്‍ മാത്രം ആയിരത്തിതൊള്ളായിരം രോഗികളാണ് കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ മരിച്ചത്. ഇതോടെ അമേരിക്കയില്‍ ആകെ മരിച്ചവരുടെ എണ്ണം പന്ത്രണ്ടായിരം പിന്നിട്ടു. ഫ്രാന്‍സിലും മരണസംഖ്യ ഉയരുന്നത് ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്. ആയിരത്തിനാനൂറ്റി പതിനേഴ് പേരാണ് ഇന്നലെ മാത്രം കോവിഡ് ബാധിതരായി മരണത്തിന് കീഴടങ്ങിയത്.ഫ്രാന്‍സില്‍ മരണ നിരക്കും വര്‍ധിക്കുകയാണ്.സ്‌പെയിനില്‍ 704 പേര്‍ക്കും ഇറ്റലിയില്‍ 604 പേര്‍ക്കും ഇന്നലെ ജീവന്‍ നഷ്ടമായി.ഇതോടെ ഇറ്റലിയില്‍ മരണസംഖ്യ പതിനേഴായിരവും സ്‌പെയിനില്‍ പതിനാലായിരവും പിന്നിട്ടു. ചൈനയില്‍ ഇന്നലെ കോവിഡ് പോസിറ്റീവ് കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇന്ത്യയില്‍ 533 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ആകെ രോഗ ബാധിതരുടെ എണ്ണം ഇന്ത്യയില്‍ അയ്യായിരം പിന്നിട്ടു. പതിനാല് മരണം മാത്രമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

Leave a Reply