ദുബായ് ബജറ്റ് എയർലൈനായ ഫ്ളൈ ദുബായ് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. ഏപ്രില്‍ 15 ന് ഇന്ത്യയിലേക്ക് പറക്കാന്‍ ആകുമെന്ന പ്രതീക്ഷയിലാണ്, ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചിട്ടുളളത്. കോഴിക്കോടും, കൊച്ചിയും ഉള്‍പ്പടെ ഇന്ത്യയിലെ ഏഴുവിമാനത്താവളങ്ങളിലേക്കാണ് നിലവില്‍ ബുക്കിംഗ് ആരംഭിച്ചിട്ടുളളത്. ഇന്ത്യയില്‍ ലോക് ഡൗണ്‍ 14 ന് അവസാനിച്ചാല്‍, വിമാനത്താവളത്തില്‍ ഇറങ്ങാന്‍ അനുമതി ലഭിക്കുമെന്നാണ് പ്രവാസികളും പ്രതീക്ഷിക്കുന്നത്. പക്ഷെ ടിക്കറ്റ് നിരക്കിനെ കുറിച്ച് നിരാശയാണുളളത്. ദുബായില്‍ നിന്നും കോഴിക്കോട്ടേക്ക് എത്താന്‍ 1800 ദിർഹമാണ് ടിക്കറ്റ് നിരക്ക്. ഏകദേശം 37,000 ലധികം ഇന്ത്യന്‍ രൂപ. മറ്റ് വിമാനത്താവളങ്ങളിലേക്കും നിരക്കിനൊട്ടും കുറവില്ല. തിരിച്ചുളള ടിക്കറ്റ് ബുക്കിംഗും ഇല്ല. അതുകൊണ്ടുതന്നെ നാട്ടിലേക്ക് അടിയന്തിരമായി പോകാന്‍ കാത്തിരിക്കുന്നവർക്കായി മാത്രമാണ് സർവ്വീസെന്നാണ് സൂചന. പക്ഷെ സന്ദർശക വിസയിലെത്തി, ജോലി കിട്ടാതെ മടങ്ങാന്‍ നില്‍ക്കുന്നവരും, ജോലി നഷ്ടപ്പെട്ടവരും, അത്യാവശ്യമായി നാട്ടിലേക്ക് പോകേണ്ടവർക്കുമൊക്കെ താങ്ങാന്‍ പറ്റുന്ന നിരക്കല്ല ഇതെന്ന് ഉറപ്പ്. ഹാന്‍ഡ് ബാഗേജ് 7 കിലോഗ്രാം മാത്രമാണ് കൊണ്ടുപോകാന്‍ അനുവദനീയം.ഇന്ത്യയിലേക്ക് മാത്രമല്ല, ബംഗ്ലാദേശ്, പാകിസ്ഥാന് എന്നിവിടങ്ങളിലേക്കും, ഫ്ളൈ ദുബായ് യാത്ര ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്. കേന്ദ്ര സംസ്ഥാന സർക്കാരുകള്‍ പ്രവാസികളുടെ യാത്രാക്കാര്യത്തില്‍ എത്രയും പെട്ടന്ന് ഇടപെടലുകള്‍ നടത്തണമെന്നാണ് പൊതുവായി ഉയരുന്ന ആവശ്യം.