നിയന്ത്രണള്‍ ഇനി വാട്‌സ്ആപ്പിലും

കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി ഒടുവില്‍ വാട്‌സ്ആപ്പിലും നിയന്ത്രണങ്ങള്‍. ഇനി മുതല്‍ ഒരേ സമയം ഒരു കോണ്‍ടാക്ടിലേക്ക് മാത്രമേ സന്ദേശങ്ങള്‍ ഫോര്‍വേഡ് ചെയ്യാന്‍ സാധിക്കുകയുള്ളു. നിലവില്‍ ഇത്തരത്തില്‍ സന്ദേശങ്ങള്‍ പരമാവധി അഞ്ച് കോണ്‍ടാക്ടുകളിലേക്ക് ഫോര്‍വേഡ് ചെയ്യാനുള്ള സൗകര്യമുണ്ടായിരുന്നു. ഫോര്‍വേഡ് ചെയ്യാനുള്ള പരിധി ഇരുപതില്‍ നിന്ന് അഞ്ചിലേക്ക് ചുരുക്കിയുള്ള നിയന്ത്രണം ആദ്യ ഏര്‍പ്പെടുത്തിയിരുന്നത് ഇന്ത്യയിലായിരുന്നു. കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടത് മുതല്‍ സന്ദേശങ്ങള്‍ ഫോര്‍വേഡ് ചെയ്യപ്പെടുന്നതില്‍ മുമ്പെങ്ങുമില്ലാത്ത വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് വാട്‌സ്ആപ്പ് അധികൃതര്‍ കണ്ടെത്തി. നിയന്ത്രണം അനിശ്ചിത കാലം തുടരുമെന്ന് അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. കോവിഡ് വ്യാപനത്തോടൊപ്പം പ്രചരിക്കുന്ന വ്യാജ വാര്‍ത്തകളെ തടയുക എന്നതാണ് പ്രധാന ലക്ഷ്യം. എഴുപതിനായിരത്തോളം പേരുടെ ജീവന്‍ അപഹരിച്ച കോവിഡ് കാലത്ത് വ്യാജ വാര്‍ത്തകളുടെ പ്രസരണമാണ് നടക്കുന്നതെന്ന് ലോക ആരോഗ്യ സംഘടന മുന്നറിയിപ്പ് നല്കിയ പശ്ചാത്തലത്തിലാണിത്. വ്യാജ വാര്‍ത്തകള്‍ മൂലം ഇന്ത്യയില്‍ ആള്‍ക്കുട്ട കൊലപാതകങ്ങള്‍ വര്‍ധിക്കുന്നതിനെ തുടര്‍ന്ന് 2018-ല്‍ തന്നെ വാട്‌സ്ആപ്പ് ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട വ്യാജ വിവരങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് തടയാനായി ഫേസ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ സാമൂഹ്യ മാധ്യമങ്ങള്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ലോകത്താകമാനം ഇരുനൂറ് കോടി വാട്‌സ്ആപ്പ് ഉപയോക്താക്കളാണ്ണുള്ളത്. ഇന്ത്യയില്‍ മാത്രം നാല്പത് കോടി ജനങ്ങളാണ് വാട്‌സ് ആപ്പ് ഉപയോഗിക്കുന്നത്.

Leave a Reply