കോവിഡ് മൃഗങ്ങളിലേക്കും; അമേരിക്കയില്‍ കടുവയ്ക്കും കോവിഡ് ബാധ സ്ഥിരീകരിച്ചു.

അമേരിക്ക: ന്യൂയോര്‍ക്കിലെ ബ്രോണ്‍ക്സ് മൃഗശാലയിലെ നാല് വര്‍ഷം പ്രായമുള്ള നാദിയ എന്ന മലയന്‍ വിഭാഗത്തിലെ കടുവയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു.മൃഗശാലയിലെ മറ്റ് ആറ് മ്യഗങ്ങള്‍ കൂടി അസുഖ ബാധിതരാണെങ്കിലും കോവിഡ് ആണെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. മ്യഗങ്ങളിലേക്കുള്ള വൈറസ് വ്യാപനം സ്ഥിരീകരിക്കപ്പെടുന്നത് ആദ്യമായിട്ടാണ്. നാഷണല്‍ വെറ്റിനറി സര്‍വീസ് ലബോറട്ടറിയില്‍ വെച്ച് നടന്ന സ്രവ പരിശോധനയില്‍ ഇന്നലെയാണ് ഫലം പോസിറ്റീവ് ആയത്.അമേരിക്കയിലെ അഗ്രിക്കള്‍ച്ചര്‍ വിഭാഗം മൃഗങ്ങളില്‍ കോവിഡ് ബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ പരിശോധന നടപടികള്‍ കര്‍ശനമാക്കിയിട്ടുണ്ട്. ജീവനക്കാരില്‍ നിന്ന് രോഗം പടര്‍ന്നതാകാനാണ് സാധ്യതയെന്ന വിലയിരുത്തലിലാണ് മൃഗശാല അധികൃതര്‍. കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി മാര്‍ച്ച് മാസം പകുതി മുതല്‍ മൃഗശാലയിലേക്ക് സന്ദര്‍ശകര്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു. മാര്‍ച്ച് 27 നാണ് കടുവയില്‍ രോഗ ലക്ഷണങ്ങള്‍ പ്രകടമായതെന്ന് യുണൈറ്റഡ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് അഗ്രിക്കള്‍ച്ചറല്‍ വിഭാഗം അറിയിച്ചു. എന്നാല്‍ മൃഗങ്ങളില്‍ നിന്നാണ് രോഗം വ്യാപിക്കുന്നതെന്ന നിഗമനത്തിലേക്ക് അധികൃതര്‍ എത്തിയിട്ടില്ല. മൃഗങ്ങളില്‍ കോവിഡ് സ്ഥിരീകരിച്ചിരുന്നില്ലെങ്കിലും വളര്‍ത്തുമൃഗങ്ങളുമായി ഇടപെടുന്നവര്‍ കടുത്ത ജാഗ്രത പുലര്‍ത്തണമെന്ന് മുന്നറിയിപ്പ് നല്കിയിരുന്നു.

Leave a Reply