അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി താലിബാന്‍

thaliban

കാബൂള്‍: സമാധാന ഉടമ്പടി വ്യവസ്ഥകള്‍ പാലിക്കാന്‍ അമേരിക്ക തയ്യാറായില്ലെങ്കില്‍ കരാറില്‍ നിന്ന് പിന്മാറേണ്ടിവരുമെന്ന മുന്നറിയിപ്പുമായി താലിബാന്‍ രംഗത്തെത്തി. സാധാരണ പൗരന്മാര്‍ക്ക് നേരെയുള്ള അമേരിക്കയുടെ ഡ്രോണ്‍ ആക്രമണം തുടരുന്ന പശ്ചാത്തലത്തിലാണ് താലിബാന്റെ പ്രസ്താവന. കരാര്‍ വ്യവസ്ഥയനുസരിച്ചുള്ള 5000 താലിബാന്‍ തടവുകാരെ വിട്ടയക്കാന്‍ അഫ്ഗാന്‍ ഭരണകൂടം തയ്യാറാവാത്തതിനെയും താലിബാന്‍ പ്രതിനിധികള്‍ വിമര്‍ശിച്ചതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.കരാര്‍ വ്യവസ്ഥകള്‍ പാലിക്കാന്‍ അമേരിക്കയും അഫ്ഗാന്‍ ഭരണകൂടവും തയ്യാറാവാത്ത പക്ഷം കൂടുതല്‍ അക്രമ നടപടികള്‍ സ്വീകരിക്കാന്‍ താലിബാന്‍ നിരബന്ധിതരാവുമെന്നും താലിബാന്‍ പ്രസ്താവനയില്‍ പറയുന്നുണ്ട്.അത്തരമൊരു സാഹചര്യം ഒഴിവാക്കാനായി അമേരിക്കയും മറ്റ് കക്ഷികളും വ്യവസ്ഥകള്‍ പാലിക്കാന്‍ ബാധ്യസ്ഥരാണെന്നും പ്രസ്താവനയില്‍ താലിബാന്‍ ഓര്‍മിപ്പിച്ചു. അന്യായ വാദങ്ങളുമായി തടവുകാരെ മോചിപ്പിക്കാനുള്ള നടപടികള്‍ അഫ്ഗാന്‍ ഭരണകൂടം വൈകിക്കുന്നതായുള്ള ആരോപണവുമായി താലിബാന്‍ നേരത്തെ രംഗത്തെത്തിയിരുന്നു.എന്നാല്‍ താലിബാന്റെ വാദങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്ന് യു.എസ് മിലിട്ടറി ഉദ്ധ്യോഗസ്ഥര്‍ പ്രതികരിച്ചു.കരാര്‍ വ്യവസ്ഥകള്‍ പാലിച്ചുകൊണ്ട് മാത്രമാണ് പ്രവര്‍ത്തിക്കുന്നതെന്നും കൂട്ടിച്ചേര്‍ത്തു. ഫെബ്രുവരി 29 ന് ഖത്തറിലെ ദോഹയില്‍ വെച്ച് നടന്ന ചര്‍ച്ചയിലാണ് കരാറിന് അന്തിമ രൂപമായിരുന്നത്. എന്നാല്‍ താലിബാനും അഫ്ഗാന്‍ ഭരണകൂടവും തമ്മില്‍ കരാര്‍ വ്യവസ്ഥകളെ സംബന്ധിച്ച് ഇപ്പോഴും തര്‍ക്കം തുടരുകയാണ്.

Leave a Reply