തിരുവനന്തപുരം : ക്ഷേമ പെന്‍ഷനുകള്‍ വീടുകളിലേക്ക് നേരിട്ട് എത്തിച്ച് കൊടുക്കുന്ന പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം ധനമന്ത്രി തോമസ് ഐസക് നിര്‍വഹിച്ചു. പണം ബാങ്കില്‍ നിന്ന് പിന്‍വലിക്കുന്നതിന് പകരം തൊട്ടടുത്ത പോസ്റ്റ് ഓഫീസ് മുഖേനയോ, തപാല്‍ ജീവനക്കാര്‍ വഴിയോ ഗുണഭോക്താക്കള്ക്ക്് എത്തിച്ചുകൊടുക്കാനാണ് പദ്ധതിയിയിലൂടെ ലക്ഷ്യമിടുന്നത്. എന്നാല്‍ ആധാര്‍ കാര്‍ഡുമായി ബാങ്ക് അക്കൗണ്ട് ബന്ധിപ്പിച്ചവര്‍ക്ക് മാത്രമേ ഈ സംവിധാനം ഉപയോഗപ്പെടുത്താനാവുകയുള്ളു. ഇതിനായി വിരലടയാളം പതിപ്പിച്ച് അക്കൗണ്ട് വെരിഫിക്കേഷന് പൂര്‍ത്തിയാക്കണം. കൊറോണ പ്രതിരോധ നടപടികളുടെ ഭാഗമായി പ്രഖ്യാപിച്ച ലോക്ഡൗണ്‍ മൂലം ദുരിതത്തിലായ ക്ഷേമ പെന്ഷന് ഗുണഭോക്താക്കള്‍ക്ക് പദ്ധതി ഏറെ ഉപകാരപ്പെടും. വിഷുവിന് മുമ്പ് എങ്ങനെ നാല്പത് ലക്ഷം പേര്‍ക്ക് പണം എത്തിക്കാം എന്ന ആലോചനയുടെ ഫലമാണ് ഈ പദ്ധതിയെന്ന് ധന മന്ത്രി പറഞ്ഞു.ഒമ്പതാം തിയ്യതിക്ക് ശേഷം തപാല്‍ ഓഫീസിലേക്ക് വിളിച്ച് മേല്‍വിലാസവും ബാങ്ക് വിവരങ്ങളും നല്കിയാല് ജീവനക്കാര്‍ പണം നിങ്ങളുടെ വീട്ടില്‍ എത്തിച്ച് തരും, സ്കോളര്‍ഷിപ്പുകളുടെ കുടിശ്ശിക, ഹോസ്റ്റല്‍ ഫീസ്, പോസ്റ്റ് മെട്രിക് സ്കോളര്‍ഷിപ്പ് തുടങ്ങിയവയും വിഷുവിന് മുമ്പായി വിതരണം ചെയ്യുമെന്നും പദ്ധതി വിശദീകരിച്ച് കൊണ്ട് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.