ഞായര്‍ രാത്രി ഒമ്പത് മണിക്ക് ഒമ്പത് മിനുട്ട് നേരം വീട്ടിലെ വെളിച്ചം അണച്ച്, ചെറിയ ലൈറ്റടിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തെ ആഘോഷിക്കുകയാണ് സാമൂഹ്യ മാധ്യമങ്ങള്‍. മെഴുക് തിരിയോ, മൊബൈല്‍ ഫല്‍ഷ് ലൈറ്റ് ഓണാക്കിയോ കൊറോണയെ നേരിടാന്‍ രാജ്യം ഒറ്റക്കെട്ടാണെന്ന് ലോകത്തെ ബോധ്യപ്പെടുത്താന്‍ ഇതിലൂടെ സാധിക്കണമെന്നും പ്രധാനമന്ത്രി ആഹ്വാനം ചെയ്തിരുന്നു. എന്നാല്‍ ഇത്തരമൊരു പ്രസ്താവനക്കെതിരെ വിവിധ സാമൂഹിക, രാഷ്ട്രീയ നേതാക്കള്‍ രംഗത്തെത്തി. ‘ലോക്ഡൗണ്‍ കാലത്തെ പ്രതിസന്ധികളെയും കഷ്ടപ്പാടുകളെയും സാധാരണ ജനങ്ങള്‍ എങ്ങനെ മറികടക്കണമെന്ന് രാജ്യത്തെ പ്രധാന ഷോമാന് പറഞ്ഞില്ലെന്ന’് ശശി തരൂര്‍ എം.പി ട്വീറ്റ് ചെയ്തു. ‘എക്സലന്റ് പ്ലാന്‍’ എന്നാണ് മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥന് കണ്ണന് ഗോപിനാഥന് പരിഹസിച്ചത്. ടോര്‍ച്ചിനും മെഴുക് തിരിക്കും ഇതുവരെ ക്ഷാമമില്ലായിരുന്നു, ഇനി അതും കിട്ടാതാകുമെന്ന് പ്രധാനമന്ത്രിയുടെ പ്രസ്താവനയെ വിമര്‍ശിച്ച് കൊണ്ട് അദ്ധേഹം ട്വീറ്റ് ചെയ്തു. ‘പുര കത്തുമ്പോ ടോര്‍ച്ച് അടിക്കുന്ന പുതിയ പരിപാടി ഇറങ്ങിയിട്ടുണ്ട്, അടിക്കുമ്പോള്‍ കറക്റ്റ് കൊറോണയുടെ കണ്ണില്‍ നോക്കി അടിക്കണമെന്ന്’ മലയാള സിനിമ സംവിധായകന് ലിജോ ജോസ് പെല്ലിശേരി ഫേസ്ബുക്കില്‍ക്കുറിച്ചു. പ്രധാനമന്ത്രിയുടെ പ്രസ്താവനയെ പരിഹസിച്ചകൊണ്ട് ട്രോളര്‍മാരും സജീവമായിട്ടുണ്ട്. ഇരുപത്തിയൊന്ന് ദിവസത്തെ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിന് ശേഷമുള്ള രാജ്യത്തോടുള്ള പ്രധാനമന്ത്രിയുടെ ആദ്യ അഭിസംബോധനമായിരുന്നിത്.