സൗജന്യ റേഷന്‍ വിതരണത്തിന് നാളെ തുടക്കമാവും

തിരുവനന്തപുരം: കോവിഡ് പശ്ചാത്തലത്തില്‍ നടപ്പാക്കുന്ന സൗജന്യ റേഷന്‍ വിതരണത്തിന് നാളെ തുടക്കമാവും. സംസ്ഥാനത്തെ 14250 റീട്ടെയില്‍ ഔട്ട്‌ലെറ്റുകളിലൂടെയാണ് റേഷന്‍ വിതരണം. അന്ത്യോദയ, മുന്‍ഗണന വിഭാഗക്കാര്‍ക്ക് നിലവില്‍ ലഭിച്ചുകൊണ്ടിരുന്ന റേഷന്‍ വസ്തുക്കള്‍ സൗജന്യമായും, മുന്‍ഗണനേതര വിഭാഗക്കാര്‍ക്ക് 15 കിലോയുമാണ് നല്കുന്നത്. കാര്‍ഡുകളില്ലാത്തവര്‍ക്ക് വീട്ടിലെ മുതിര്‍ന്ന പൗരന്‍ സത്യവാങ്മൂലം എഴുതി സമര്‍പ്പിച്ചാല്‍ റേഷന്‍ ലഭ്യമാവുമെന്നും ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി പി. തിലോത്തമന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മുതിര്‍ന്നവര്‍ മാത്രം താമസിക്കുന്ന വീടുകള്‍, കിടപ്പിലായ രോഗികള്‍ എന്നിവര്‍ക്ക് സഹായമെത്തിച്ചുനല്‍കാന്‍ വാര്‍ഡ് മെമ്പര്‍മാരും സന്നദ്ധ പ്രവര്‍ത്തകരും മുന്നോട്ടുവരണമെന്നും മന്ത്രി ആവശ്യപ്പെട്ടു. വിതരണ സൗകര്യാര്‍ത്ഥം മുന്‍ഗണനാ വിഭാഗക്കാര്‍ക്ക് ഉച്ച വരെയും, മുന്‍ഗണനേതര വിഭാഗക്കാര്‍ക്ക് ഉച്ചമുതലുമാണ് റേഷന്‍ ലഭിക്കുക. കേരള ഗവര്‍ണമെന്റ് പ്രഖ്യാപിച്ച 20000 കോടി രൂപയുടെ പാക്കേജില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്. കോവിഡ് മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി ഒരേ സമയം അഞ്ചിലേറെ പേരെ ഔട്ട്‌ലെറ്റുകളിലേക്ക് കടത്തിവിടില്ല. ജനങ്ങള്‍ കൂട്ടംകൂടി നില്‍ക്കുന്നത് ഒഴിവാക്കാനായി ടോക്കണ്‍ സംവിധാനവും ഏര്‍പ്പെടുത്താന്‍ ഗവര്‍ണമെന്റ് ആലോചിക്കുന്നുണ്ട്. പ്രധാനമന്ത്രി പ്രഖ്യാപിച്ച അഞ്ചുകിലോ അരിയുടെ വിതരണം ഏപ്രില്‍ ഇരുപതു മുതലാണ് ആരംഭിക്കുക.

Leave a Reply