ലിക്വര്‍ പാസ്: കെജിഎംഒ എ നാളെ കരിദിനം ആചരിക്കും

തിരുവനന്തപുരം: ലിക്വര്‍ പാസ് അനുവദിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ നാളെ സംസ്ഥാന വ്യാപകമായി കരിദിനമാചരിക്കുമെന്ന് ഡോക്ടര്‍മാരുടെ സംഘടന കെ.ജി.എം.ഒ.എ.

മദ്യലഭ്യതയ്ക്കുള്ള ഉപകരണമായി ആശുപത്രികളെ മാറ്റരുതെന്നും മുഴുവന്‍ ഡോക്ടര്‍മാരും കറുത്ത ബാഡ്ജുകള്‍ ധരിച്ച് ജോലിക്കു ഹാജരാകണമെന്നും കെ.ജി.എം.ഒ.എ പപത്രക്കുറിപ്പില്‍ അറിയിച്ചു. മദ്യാസക്തിയുള്ളവര്‍ക്ക് ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തിയ രേഖ നല്‍കണമെന്നുള്ള സര്‍ക്കാര്‍ തീരുമാനം ഒരിക്കലും അംഗീകരിക്കാനാവില്ലെന്നാണ് ഡോക്ടര്‍മാരുടെ നിലപാട്. ഈ തീരുമാനം സര്‍ക്കാര്‍ പിന്‍വലിക്കുന്നതുവരെ പ്രതിഷേധവുമായി മുന്നോട്ടു പോകുമെന്നും മദ്യാസക്തിയുള്ളവര്‍ക്ക് മദ്യം നല്‍കലല്ല, ചികിത്സയാണ് ശാശ്വത പരിഹാരമെന്നും ഡോക്ടര്‍മാരുടെ സംഘടന വ്യക്തമാക്കുന്നു.

കോവിഡ് 19 മായി ബന്ധപ്പെട്ട് ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാരെ തരം താഴ്ത്തുന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നതെന്നും സംഘടന ആരോപിച്ചു. അത്തരത്തിലൊരു ലിക്വര്‍ പാസ് തങ്ങളാര്‍ക്കും നല്‍കുകയില്ലെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നു.

Leave a Reply