വികസ്വര രാഷ്ട്രങ്ങള്‍ക്ക് മുന്നറിയിപ്പുമായി യു.എന്‍.ഡി.പി

ന്യൂയോര്‍ക്ക്: കൊറോണ വൈറസ് വികസ്വര രാഷ്ട്രങ്ങളുടെ സാമ്പത്തിക സ്ഥിതിയെ കൂടുതലായി ബാധിക്കുമെന്ന് യുണൈറ്റഡ് നാഷന്‍സ് ഡെവലപ്പ്‌മെന്റ് പ്രോഗ്രാം (യു എന്‍ ഡി പി). 220 ബില്യണ്‍ ഡോളറിന്റെ സാമ്പത്തിക നഷ്ടം നേരിടേണ്ടിവരുമെന്നും തിങ്കളാഴ്ച പുറത്തുവിട്ട യു എന്‍ ഡി പി റിപ്പോര്‍ട്ടില്‍ പറയുന്നു. ആഫ്രിക്കയില്‍ അമ്പത് ശതമാനത്തോളം ജോലി നഷ്ടമാവുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്. രാഷ്ട്രങ്ങള്‍ ഒറ്റക്കെട്ടായി പ്രതിസന്ധികളെ മറികടക്കണമെന്ന് യു എന്‍ ഡി പി തലവന്‍ അഷിം സ്‌റ്റെനര്‍ പറഞ്ഞു. ഭക്ഷ്യസുരക്ഷ, വിദ്യാഭ്യാസം, മനുഷ്യാവകാശം, തുടങ്ങിയ മേഖലകളിലാണ് തകര്‍ച്ച ഏറ്റവും കൂടുതല്‍ ബാധിക്കുക. വികസ്വര രാഷ്ട്രങ്ങളിലെ ആശുപത്രി സംവിധാനങ്ങള്‍ പൂര്‍ണമായും രോഗികളാല്‍ നിറയും. ദരിദ്രരാജ്യങ്ങളിലെ എഴുപത്തിയഞ്ച് ശതമാനം ജനങ്ങള്‍ക്കും സോപ്പും വെളളവും ലഭിക്കാത്ത അവസ്ഥയുണ്ടാവുമെന്നും റിപ്പോര്‍ട്ടിലെ പ്രധാന നിരീക്ഷണങ്ങളാണ്. സാമ്പത്തിക തകര്‍ച്ചയില്‍ നിന്ന് കരകേറാന്‍ ദരിദ്ര, വികസ്വര രാജ്യങ്ങള്‍ക്ക് വര്‍ഷങ്ങളെടുക്കേണ്ടി വരും. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വീട്ടില്‍ തന്നെ കഴിയണമെന്ന് നിരവധി രാജ്യങ്ങള്‍ ജനങ്ങളോട് ആഹ്വാനം ചെയ്തതാണ് സാമ്പത്തിക മേഖലയെ സാരമായി ബാധിച്ചത്. നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ വികസ്വര രാഷ്ട്രങ്ങളുടെ വായ്പാതിരിച്ചടവിന് സാവകാശം നല്‍കേണ്ടി വരുമെന്ന് അന്താരാഷ്ട്ര നാണയ നിധിയും (ഐ എം എഫ്) വേള്‍ഡ് ബാങ്കും വ്യക്തമാക്കിയിരുന്നു. കൊറോണ വൈറസ് മൂലമുണ്ടായിത്തീരുന്ന സാമ്പത്തിക തകര്‍ച്ചയെ മറികടക്കാനുളള ഏക മാര്‍ഗമിതാണെന്ന് വേള്‍ഡ് ബാങ്ക് പ്രസിഡന്റ ഡേവിഡ് മാല്‍പ്പസ് പറഞ്ഞു.

Leave a Reply