2.2 ട്രില്ല്യണ്‍ ഡോളറിന്റെ സാമ്പത്തിക സഹായ പാക്കേജ് പ്രഖ്യാപിച്ച് ടൊണാള്‍ഡ് ട്രംപ്

വാഷിംഗ്ടണ്‍: കോവിഡ് മഹാമാരിയെ നേരിടുന്നതിനായുളള പ്രത്യേക സാമ്പത്തികസഹായ ബില്ലില്‍ അമേരിക്കന്‍ പ്രസിഡന്റ് ടൊണാള്‍ഡ് ട്രംപ് ഒപ്പു വച്ചു. ബിസിനസ്സ് മേഖലയ്ക്കു പുറമേ സാധാരണ തൊഴിലാളികളെയും ഹോസ്പിറ്റല്‍ പ്രവര്‍ത്തനങ്ങളെയും ലക്ഷ്യം വയ്ക്കുന്നതാണ് ഈ ബില്ല്. ഡെമോക്രാറ്റിക് ഭൂരിപക്ഷമുളള ജനപ്രതിനിധിസഭ ശബ്ദവോട്ടോടെ ബില്‍ പാസ്സാക്കുകയായിരുന്നു. റിപ്പബ്ലിക്കന്‍ പ്രതിനിധികള്‍ ഭൂരിപക്ഷമുളള സെനറ്റില്‍ ബുധനാഴ്ച നടന്ന വോട്ടെടുപ്പില്‍ 96 വോട്ടിന്റെ ഭൂരിപക്ഷത്തിന് അനായാസം പാസായിരുന്നു. 2.2 ട്രില്യണ്‍ ഡോളറിന്റെ പാക്കേജില്‍ 180 ബില്ല്യണ്‍ ഡോളറാണ് ആരോഗ്യമേഖലക്കായി അനുവദിച്ചിരിക്കുന്നത്. ജനസുരക്ഷയ്ക്കാണു മുന്‍ഗണന നല്‍കുന്നതെന്ന് ബില്ലില്‍ ഒപ്പു വച്ച ശേഷം ഡോണാള്‍ഡ് ട്രംപ് പ്രതികരിച്ചു. അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക പാക്കേജാണിത്. കൊറോണ വൈറസിനെ നേരിടാന്‍ കൂടുതല്‍ സൗകര്യങ്ങള്‍ തയ്യാറാക്കാന്‍ ഇതു മൂലം ഫെഡറല്‍ സ്‌റ്റേറ്റുകള്‍ക്ക് സാധിക്കും. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം അമേരിക്കയിലെ കോവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷത്തിലധികമാണ്. മരണനിരക്ക് വര്‍ധിക്കുന്നതും ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്. കോവിഡ് വ്യാപനം മൂലം കനത്ത സാമ്പത്തിക നഷ്ടം അമേരിക്ക നേരിടേണ്ടി വരുമെന്ന് സാമ്പത്തിക വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ന്യൂയോര്‍ക്ക് സ്‌റ്റേറ്റില്‍ മാത്രം ഏകദേശം പത്ത് മുതല്‍ പതിനഞ്ച് ബില്യണ്‍ ഡോളര്‍ നഷ്ടമുണ്ടാവുമെന്നാണ് കണക്കാക്കുന്നത്.

Leave a Reply