പ്രവാസികള്‍ക്കെതിരെയുള്ള ദുഷ്പ്രചാരണങ്ങള്‍: വേദനയോടെ പ്രവാസിലീഗ് ഉപാധ്യക്ഷന്റെ തുറന്ന കത്ത്

OLYMPUS DIGITAL CAMERA

കോവിഡ് 19 മായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളിലും മറ്റും പ്രവാസികള്‍ക്കെതിരെ ഉയരുന്ന പരിഹാസങ്ങളും കൊറോണ വാഹകര്‍ പ്രവാസികളാണെന്നുള്ള ദുഷ്പ്രചാരണങ്ങളും അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രവാസി ലീഗ് വൈസ് പ്രസിഡണ്ട് ജലീല്‍ വലിയകത്ത് വേദനയോടെ എഴുതിയ കത്ത് ശ്രദ്ധേയമാകുന്നു.
കത്തിന്റെ പൂര്‍ണ്ണരൂപം താഴെ:

പ്രിയരേ,
അതിഭീകരമായ ഒരു സാഹചര്യത്തിലൂടെയാണ് ലോകം കടന്നു പോകുന്നത്. നമ്മുടെ നാടും കോവിഡ് ഭീതിയെ പ്രതിരോധിക്കാനുള്ള ജാഗ്രതയിലാണ്. ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ എല്ലാ മനുഷ്യരും ഈ ഘട്ടത്തെ അതിജീവിക്കാനുള്ള പോരാട്ടത്തില്‍ ഒന്നാണ്.
എന്നാല്‍ ഈ ആപത്ഘട്ടത്തിലും ഒട്ടും ഹിതകരമല്ലാത്ത ചില ദുഷ്‌ചെയ്തികള്‍ ചിലരുടെ ഭാഗത്ത് നിന്നും ഉണ്ടാവുന്നു എന്നത് സങ്കടകരമാണ്. ഈ നാടിന് വേണ്ടി ജീവിക്കുന്ന, ഈ നാടിനെ നന്നായി ജീവിപ്പിച്ചു കൊണ്ടിരിക്കുന്ന പ്രവാസി സഹോദരങ്ങളെ പൊതുസമൂഹത്തില്‍ താറടിച്ചു കൊണ്ടും, അപമാനിച്ചു കൊണ്ടും വരുന്ന ചിലരുടെ പോസ്റ്റുകളും കമന്റുകളും തികച്ചും പ്രതിഷേധാര്‍ഹമാണ്. പ്രവാസികളാണ് ഇവിടേക്ക് കൊറോണ കൊണ്ടു വന്നത് എന്ന തരത്തിലാണ് ചിലരുടെ വ്യാപകമായ പ്രചരണം. ഈ നാട് ഇന്നീ കാണുന്ന വിധം വികസിപ്പിച്ചത് പ്രവാസികളാണ്. ഇവിടുത്തെ ജനങ്ങളുടെ ജീവിത നിലവാരം ഇത്രമേല്‍ അന്തസ്സുറ്റതാക്കിയതും പ്രവാസികള്‍ തന്നെ. ഇന്ന് പ്രവാസികളെ അപകീര്‍ത്തിപ്പെടുത്തുന്നവര്‍ ഓര്‍ക്കുക: നിങ്ങള്‍ക്ക് വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച ഒരു സമൂഹം അങ്ങകലെ, ഉറ്റവരും ഉടയവരുമില്ലാത്തയിടത്ത് തീ തിന്ന് കഴിയുകയാണ്. സ്വന്തം വീട്ടില്‍, ഏറ്റവും അടുത്തവരുമൊത്ത് യാതോരു ബുദ്ധിമുട്ടുകളും ഇല്ലാതെ കഴിയുന്നവര്‍ ഇടക്കൊന്ന് ഈ പ്രവാസികളെപ്പറ്റിയും ചിന്തിക്കുക. സ്വന്തം റൂമില്‍ നിന്നും പുറത്തിറങ്ങാനാവാതെ, ആവശ്യത്തിന് ഭക്ഷണമോ മറ്റു അവശ്യ വസ്തുക്കളോ ലഭ്യമാണോ എന്ന് നിശ്ചയമില്ലാതെ കഴിയുന്ന ആ സഹോദരങ്ങളെ ദയവായി ഇനിയെങ്കിലും അവമതിക്കാതിരിക്കുക.
നമ്മേക്കാള്‍ വലിയ ആധിയിലാണ് നമ്മുടെ പ്രവാസി സുഹൃത്തുക്കള്‍. അവരുടെ ആധി ഇപ്പോഴും അവരെപ്പറ്റിയല്ല, നമ്മെപ്പറ്റിയാണ്. നാടിനെപ്പറ്റിയാണ്.
പ്രിയപ്പെട്ട പ്രവാസി സഹോദരരെ, നിങ്ങള്‍ ഒറ്റക്കല്ല. ഈ നാട് മുഴുവന്‍ നിങ്ങള്‍ക്കൊപ്പം തന്നെയുണ്ട്. ഇവിടുത്തെ മുഴുവന്‍ നല്ല മനുഷ്യരുടെയും പ്രാര്‍ത്ഥനയില്‍ നിങ്ങളുണ്ട്. പ്രയാസപ്പെടാതിരിക്കുക.
അതുകൊണ്ട് പ്രിയപ്പെട്ടവരെ,
പരിഹാസങ്ങളും കുറ്റപ്പെടുത്തലുകളും അവസാനിപ്പിക്കുക.
ഈ ആപത്ഘട്ടത്തിലും അന്യനാട്ടില്‍ കഴിയേണ്ടി വന്ന പാവം പ്രവാസികളോട് മനസ്സ് കൊണ്ടെങ്കിലും നാം ഐക്യപ്പെടുക.
ഈ പ്രായസകരമായ സാഹചര്യത്തെ ദൈവസഹായത്താല്‍ നാം മറികടക്കുക തന്നെ ചെയ്യും; തീര്‍ച്ച.
പ്രാര്‍ത്ഥിക്കുക.
ഐക്യപ്പെടുക.
അധികൃതര്‍ നല്‍കുന്ന എല്ലാ നിര്‍ദ്ദേശങ്ങളും കൃത്യമായി നാം പാലിക്കുക.
നാളെകളില്‍ നമുക്ക് വീണ്ടും ഒന്നിച്ചു കൂടാന്‍ ഇന്ന് നാം അല്‍പം അകന്ന് കഴിയുക.

സസ്‌നേഹം
ജലീല്‍ വലിയകത്ത്
വൈസ് പ്രസിഡണ്ട്
കേരള പ്രവാസി ലീഗ്‌

Leave a Reply