താലിബാനുമായുളള ചര്‍ച്ചകള്‍ക്കായി ഇരുപത്തിയൊന്ന് അംഗ സംഘത്തെ പ്രഖ്യാപിച്ച് അഫ്ഗാന്‍ ഭരണ കൂടം

കാബൂള്‍: അമേരിക്ക താലിബാന്‍ സമാധാന കരാറിന്റെ തുടര്‍ച്ചയെന്നോണം താലിബാനുമായി ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ ഇരുപത്തിയൊന്നംഗ സംഘത്തെ അഫ്ഗാന്‍ ഭരണകൂടം പ്രഖ്യാപിച്ചു. അഫ്ഗാന്‍ സാമാധാനമന്ത്രാലയം വ്യാഴാഴ്ചയാണ് വാര്‍ത്ത പുറത്തുവിട്ടത്. മുന്‍ ദേശീയ സുരക്ഷാതലവന്‍ മസൂം സ്റ്റാംഗസായ് സംഘത്തിനു നേതൃത്വം നല്‍കും. പ്രസിഡന്റ് അഷ്‌റഫ്ഗനിയുടെ അടുത്ത അനുയായി കൂടിയാണ് മസൂം. രാഷ്ട്രീയപൗര പ്രതിനിധികളുള്‍പ്പെടുന്ന സമിതിയില്‍ അഞ്ചു വനിതകളുമുണ്ട്. ഫെബ്രുവരി ഇരുപത്തി ഒമ്പതിന് ഖത്തറില്‍ വെച്ച് ഒപ്പിട്ട അമേരിക്ക-താലിബാന്‍ സമാധാന കരാറിന്റെ രണ്ടാംഘട്ട ചര്‍ച്ചകള്‍ക്കാണ് ഇതോടെ വഴിതെളിഞ്ഞിരിക്കുന്നത്. കരാര്‍ പ്രകാരം നടക്കേണ്ട തടവുപുളളികളുടെ കൈമാറ്റത്തെ സംബന്ധിച്ച് താലിബാനുമായി ധാരണയിലെത്താന്‍ അഫ്ഗാന്‍ ഭരണകൂടത്തിന് സാധിച്ചിരുന്നില്ല. അഷ്‌റഫ് ഗനി സര്‍ക്കാരുമായുളള ചര്‍ച്ചകള്‍ ആരംഭിക്കുന്നതിന് മുന്നോടിയായി 5000 തടവുപുളളികളെ ജയില്‍ മോചിതരാക്കണമെന്ന് താലിബാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അഞ്ഞൂറ് പേരെ മാത്രമേ മോചിപ്പിക്കാനാവുകയുളളൂവെന്ന് അഫ്ഗാന്‍ ഭരണകൂടം വ്യക്തമാക്കിയിരുന്നു. കോവിഡ് വ്യാപിക്കുന്ന ഘട്ടത്തില്‍ സമാധാന ചര്‍ച്ചകള്‍ അതിവേഗം മുന്നോട്ട് പോകേണ്ടത് അനിവാര്യമാണെന്ന യു.എസ് ഗവണ്‍മെന്റിന്റെ പ്രത്യേക പ്രതിനിധി സല്‍മാന്‍ ഖലീല്‍ സാദ് പ്രതികരിച്ചു.

Leave a Reply