കൊവിഡ് 19 ബാധ അതിവേഗം പടരുന്ന യുഎസില്‍ വൈറസ് പിടിപെട്ടവരുടെ എണ്ണം ഒരു ലക്ഷം കടന്നു. 1696 പേര് രോഗം ബാധിച്ച് മരിച്ചു. ലോകത്ത് ഏറ്റവും കൂടുതല്‍ രോഗികളുള്ള രാജ്യമായി യുഎസ് മാറി. രോഗത്തെ നേരിടാനുള്ള രണ്ടു ലക്ഷം കോടി ഡോളറിന്റെ സാമ്പത്തിക പാക്കേജ് അമേരിക്കന്‍ ജനപ്രതിനിധി സഭ അംഗീകരിച്ചു. തൊഴിലില്ലായ്മ കുറയ്ക്കുക, പ്രതിസന്ധിയിലായ കുടുംബങ്ങളെ നേരിട്ട് സഹായിക്കുക, ആരോഗ്യ മേഖല ശക്തമാക്കുക എന്നിവയാണ് പാക്കേജിന്റെ പ്രധാന ലക്ഷ്യങ്ങള്‍. കൊറോണയുടെ വലിയ ആഘാതം നേരിടേണ്ടിവരുന്ന രാജ്യമായി യുഎസ് മാറുമെന്ന് ലോകാരോഗ്യ സംഘടനയും വിവിധ പഠനങ്ങളും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അങ്ങോട്ടുതന്നെയാണ് കാര്യങ്ങളുടെ പോക്കെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. 24 മണിക്കൂറില്‍ 18000 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഫോര്‍ഡ്, ജെനെറല്‍ മോട്ടോര്‍സ് തുടങ്ങിയ വാഹന നിര്‍മാതാക്കളോട് അടിയന്തരമായി വെന്റിലേറ്ററുകള്‍ നിര്‍മിച്ചു തുടങ്ങാന്‍ പ്രസിഡന്റ് ട്രംപ് നിര്‍ദേശിച്ചു. ഒരുലക്ഷം പേര്‍ക്ക് രോഗം പിടിപെട്ടതിന് ഒപ്പം വിവിധ സംസ്ഥാനങ്ങളില്‍ ലോക് ഡൗണ്‍ പ്രഖ്യാപിച്ചതിലൂടെ 33 ലക്ഷം പേര് തൊഴില്‍ രഹിതരായി. യുഎസ് റിപബ്ലിക്കന്‍ ജനപ്രതിനിധി ജോണ്‍ കന്നിങ്ങാമിന് കൊവിഡ് സ്ഥിരീകരിച്ചു.