മൂന്നു ദിവസത്തെ അണുനശീകരണം; വിജനമായി യുഎഇ നിരത്തുകള്‍

ദുബൈ: കോവിഡ് 19 വൈറസിനെതിരെയുളള അണുനശീകരണം തുടങ്ങിയതോടെ യുഎഇ റോഡുകളിലെ തിരക്കൊഴിഞ്ഞു. പൊതുവേ വലിയ ഗതാഗത തടസ്സം അനുഭവപ്പെടുന്ന ദുബൈ ഷെയ്ഖ് സയ്യിദ് റോഡിലടക്കം വാഹനങ്ങളൊന്നും ഇറങ്ങിയില്ല. വ്യാഴാഴ്ച രാത്രി എട്ടുമണി മുതലാണ് യുഎഇ അണുനശീകരണയജ്ഞം തുടങ്ങിയത്. വ്യാഴം, വെളളി, ശനി ദിവസങ്ങളില്‍ നടക്കുന്ന അണുനശീകരണപ്രവര്‍ത്തനങ്ങള്‍ ഞായറാഴ്ച രാവിലെ ആറുമണിവരെയുണ്ടാകും. ഈ സമയത്ത് മെട്രോ, ബസ് ഉള്‍പ്പടെയുളള പൊതുഗതാഗത സംവിധാനങ്ങളും സര്‍വ്വീസ് നടത്തുകയില്ല. എന്നാല്‍ പകല്‍ സമയങ്ങളില്‍ നിയന്ത്രണങ്ങളോടെ യാത്ര അനുവദിക്കും. കോവിഡ് 19 നെതിരായ പോരാട്ടത്തില്‍ എല്ലാവരും വീടുകളില്‍ സുരക്ഷിതരായിരിക്കണമെന്ന നിര്‍ദ്ദേശം നേരത്തെ തന്നെ യുഎഇ അധികൃതര്‍ നല്‍കിയിരുന്നു.

Leave a Reply