ദുബൈയില്‍ വാഹന പാര്‍ക്കിംഗ് സൗജന്യം

ദുബൈ: അണുനശീകരണം നടക്കുന്ന മണിക്കൂറുകളില്‍ ദുബായില്‍ വാഹനങ്ങളുടെ പാര്‍ക്കിംഗ് സൗജന്യമായിരിക്കുമെന്ന് ദുബൈ ആര്‍ ടി എ അറിയിച്ചു. അതുപ്രകാരം മാര്‍ച്ച് 29 ഞായറാഴ്ച വരെയായിരിക്കും ആനുകൂല്യം ലഭിക്കുക. വെളളി ശനി ദിവസങ്ങളില്‍ വൈകീട്ട് എട്ടു മുതല്‍ പുലര്‍ച്ചെ ആറുവരെയാണ് അണുനശീകരണയജ്ഞം നടക്കുന്നത്. അതേസമയം ദുബൈ മെട്രോയുടെയും ബസുകളുടെയും സമയക്രമത്തില്‍ മാറ്റം വരുത്തിയിട്ടുണ്ട്. അണുനശീകരണ പ്രവര്‍ത്തനം നടക്കുന്ന മണിക്കൂറുകളില്‍ പൊതുഗതാഗത സേവനങ്ങളുണ്ടാവില്ല. പകല്‍സമയങ്ങളില്‍ ബസുകള്‍ രാവിലെ 7 ന് സര്‍വ്വീസ് ആരംഭിച്ച് വൈകീട്ട് ആറുമണിയോടെ അവസാനിപ്പിക്കും. മെട്രോ റെഡ് ലൈനില്‍ യു എ ഇ എക്‌സ്‌ചേഞ്ച് ഭാഗത്തേക്കുളള അവസാന ട്രെയിന്‍ റഷീദിയയില്‍ നിന്ന് വൈകീട്ട് ആറ് രണ്ടിനായിരിക്കും സര്‍വ്വീസ് ആരംഭിക്കുക. യു എ ഇ എക്‌സ്‌ചേഞ്ചില്‍ നിന്ന് റഷീദിയ ഭാഗത്തേക്കുളള അവസാന ട്രെയിനും ആറ് രണ്ടിനായിരിക്കും. ഗ്രീന്‍ ലൈനില്‍ ക്രീക്ക് ഭാഗത്തേക്കുളള ട്രെയിന്‍ ഇത്തിസലാത്ത് പ്ലാറ്റ് ഫോമില്‍ നിന്ന് 6.17 നും ഇത്തിസലാത്ത് ഭാഗത്തേക്കുളള ട്രെയിന്‍ ക്രീക്ക് പ്ലാറ്റ് ഫോമില്‍ നിന്ന് 6.13 നും പുറപ്പെടും. അണുനശീകരണ യജ്ഞം നടക്കുമ്പോള്‍ ജനങ്ങളോട് പുറത്തിറങ്ങരുതെന്ന് നിര്‍ദ്ദേശമുണ്ട്. നിര്‍ദ്ദേശം ലംഘിച്ചാല്‍, ജയില്‍ ശിക്ഷയും പിഴയും ഉണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്.

Leave a Reply