കോവിഡ് മഹാമാരിയെ നേരിടാന്‍ അമേരിക്കയുമായി സഹകരിക്കാന്‍ തയ്യാറെന്ന് ചൈന

ബെയ്ജിങ്: കോവിഡ് മഹാമാരിയെ നേരിടാന്‍ അമേരിക്കയുമായി സഹകരിക്കാന്‍ തയ്യാറാണന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പ്പിംങ്്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി വെള്ളിയാഴ്ച നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് ഇത്തരമൊരു താത്പര്യം ചൈനീസ് പ്രസിഡന്റ് വെളിപ്പെടുത്തിയത്. കോവിഡ് അതിവേഗം തീവ്രത കൈവരിക്കുന്ന ഘട്ടത്തില്‍ ഉഭയകക്ഷിബന്ധം വളര്‍ത്തിയെടുക്കാനുളള നിര്‍ണായക ചുവടുവയ്പുകള്‍ അമേരിക്കയുടെ ഭാഗത്തുനിന്നുണ്ടാകുമെന്ന പ്രത്യാശയും ഫോണ്‍ സംഭാഷത്തില്‍ ഷി ജിന്‍പിങ് പ്രകടിപ്പിച്ചു. മഹാമാരിയെ ഫലപ്രദമായി പ്രതിരോധിക്കാന്‍ ലോകത്തിലെ സാമ്പത്തിക ശക്തികളായ അമേരിക്കയ്ക്കും ചൈനയ്ക്കും മാത്രമേ സാധിക്കുകയുളളൂവെന്നും അതുകൊണ്ടുതന്നെ വൈറസിനെ നേരിടാനുളള സര്‍വ്വ പിന്തുണയും ചൈന വാഗ്ദാനം ചെയ്തായും വിദേശകാര്യമന്ത്രാലയം വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി. ജി 20 നേതാക്കളുടെ വീഡിയോ കോണ്‍ഫറന്‍സിംഗ് ഉച്ചകോടിക്കു ശേഷമായിരുന്നു ഫോണ്‍ സംഭാഷണം. ചൈന, ഇറ്റലി എന്നീ രാജ്യങ്ങള്‍ക്ക് പിന്നാലെ കോവിഡ് ഏറ്റവും കൂടുതല്‍ നാശം വിതക്കുക അമേരിക്കയിലാണെന്ന് ലോകാരോഗ്യസംഘടന മുന്നറിയിപ്പു നല്‍കിയിരുന്നു. വെള്ളിയാഴ്ചത്തെ കണക്കു പ്രകാരം കോവിഡ് ബാധിതരുടെ എണ്ണം മുന്‍പന്തിയില്‍ നില്‍ക്കുന്നത് അമേരിക്കയിലാണ്. ഒരാഴ്ച നീണ്ടുനിന്ന പരസ്പര പഴിചാരലുകള്‍ക്കാണ് ഇതോടെ അന്ത്യമാവുന്നത്. കഴിഞ്ഞ വര്‍ഷാവസാനം പൊട്ടിപ്പുറപ്പെട്ട കോവിഡിനെ ചൈനീസ് വൈറസെന്ന് ടൊണാള്‍ഡ് ട്രംപ് കുറ്റപ്പെടുത്തിയിരുന്നു. ലോകത്താകമാനം ഇരുപത്തിനാലായിരത്തോളം വ്യക്തികളുടെ മരണത്തിനിടയാക്കിയ വൈറസിനെ നേരിടുന്നതില്‍ സുതാര്യത ഉറപ്പുവരുത്താന്‍ ചൈനീസ് ഭരണകൂടത്തിന് ആയില്ലെന്ന ആരോപണവുമായി ട്രംപും മറ്റു ഉന്നത ഉദ്യോഗസ്ഥരും ഈയിടെ രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇത്തരം അടിസ്ഥാനരഹിതമായ വിഷയങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ നിന്നും അമേരിക്കന്‍ ഭരണകൂടം പിന്മാറണമെന്ന് ചൈന പ്രതികരിച്ചിരുന്നു.

Leave a Reply