ലോകത്ത് കോവിഡ് മരണം 21000 കവിഞ്ഞു. നാലര ലക്ഷത്തിലേറെ പേരാണ് രോഗബാധിതര്‍. ഇറ്റലിയിലും സ്പെയിനിലും മരണസംഖ്യ ഓരോ മണിക്കൂറിലും കൂടിക്കൂടിവരുന്നു. ഇറ്റലിയില്‍ 24 മണിക്കൂറിനിടെ മരിച്ചത് 683 പേരാണ്. ഇന്ത്യയിലും മരണ സംഖ്യയുയര്ന്നു. 608 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ജമ്മുവിലും മഹാരാഷ്ട്രയിലുമാണ് മരണങ്ങള് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കേന്ദ്ര സര്‍ക്കാറും സംസ്ഥാന സര്‍ക്കാറുകളും അതീവ ജാഗ്രതയോടെ നിലകൊള്ളുമ്പോഴും ഒറ്റപ്പെട്ട ശ്രദ്ധയില്ലായ്മകള്‍ പലഭാഗങ്ങളിലുമുണ്ട്. റോഡുകള്‍ പൂര്‍ണ്ണമായും പോലീസിന്റെ നിയന്ത്രണത്തിലാണ്. പാലക്കാട് നിയന്ത്രണം ലംഘിച്ച് പച്ചക്കറി വണ്ടിയില്‍ തൊഴിലാളികളെ കടത്തുന്നത് പോലീസ് പിടികൂടി. തിരൂരില്‍ നിന്ന് തമിഴ്നാട്ടിലേക്ക് പോകുമ്പോഴാണ് പാലക്കാട് വച്ച് പോലീസ് ഇവരെ പിടികൂടിയത്.
കൊവിഡ് ബാധിതനായി കളമശേരി മെഡിക്കല്‍ കോളേജ് ഐസോലേഷന് വാര്‍ഡില്‍ കഴിയുകയായിരുന്ന ബ്രിട്ടീഷ് പൗരനടക്കം അഞ്ചു പേര് രോഗമുക്തരായി എന്നതടക്കമുള്ള ചില ആശ്വാസ വാര്‍ത്തകളും ഇതിനിടയിലുണ്ട്. എയ്ഡ്സിനെ പതിരോധിക്കാന്‍ ഉപയോഗിക്കുന്ന ആന്റി വൈറല്‍ മരുന്നുകള്‍ ബിട്ടീഷ് പൗരന് നല്‍കിയിരുന്നു. ദുബൈയിലേക്ക് കടക്കാന്‍ ശ്രമിക്കുമ്പോള്‍ നെടുമ്പാശേരിയില്‍നിന്ന് പിടികൂടിയ അഞ്ച് പേരില്‍ ഒരാളാണ് ബ്രിട്ടീഷ് പൗരന്. മൂന്ന് വയസ്സുള്ള കുട്ടിയടക്കം കണ്ണൂരിലെ മൂന്നംഗം കുടുംബവും രോഗമുക്തരായതായി ജില്ലാ ഭരണകൂടം അറിയിച്ചു.
മൂന്നാറില്‍ ക്വാറന്റീനിലായിരിക്കെ അനധികൃതമായി നെടുമ്പാശേരിയിലെത്തി ദുബായിലേക്ക് കടക്കാന്‍ ശ്രമിക്കവെയാണ് ബ്രിട്ടീഷ് പൗരനായ വിനോദസഞ്ചാരിയെ ആരോഗ്യ വകുപ്പ് കണ്ടെത്തി മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന മറ്റ് ആറു പേര് കൂടി കഴിഞ്ഞ ദിവസം പോസിറ്റീവാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ചികിത്സയില്‍ കഴിയുന്ന ബ്രിട്ടീഷ് പൗരന്റെ ഭാര്യയും മെഡിക്കല്‍ കോളേജിലുണ്ട്. ഇവരുടെ സാമ്പിള്‍ പരിശോധനാ ഫലം നെഗറ്റീവാണ്.
എത്രത്തോളം നാം ജാഗ്രത പാലിക്കുന്നുവോ അത്രയും വേഗത്തില്‍ ഈ മഹാമാരിയെ തുരത്താന്‍ നമുക്കാവുമെന്ന് നമുക്കു വേണ്ടി നാം മനസ്സിലാക്കിയേ തീരൂ. അതിന് സര്‍ക്കാരിലും ആരോഗ്യപ്രവര്‍ത്തകരിലുമുള്ള വിശ്വാസത്തോടെയും അവരുടെ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് കക്ഷി രാഷ്ട്രീയ വിദ്വേഷങ്ങള്‍ മറന്ന് ഒറ്റക്കെട്ടായും നമുക്കു മുന്നേറാം. അറിയുക, കോവിഡ് 19 വൈറസ് പിടികൂടി കശക്കിയെറിയുന്നത് മനുഷ്യജീവിതങ്ങളെയാണ്. ഇവ സംഭവിക്കുന്നതേറെയും ജാഗ്രതക്കുറവു കൊണ്ടുമാണ്. കൈ കഴുകുക. പകര്ന്നുപകര്ന്നുകൊണ്ടിരിക്കുന്ന മരണച്ചങ്ങലയെ അറുത്തെറിയുക!
https://www.facebook.com/Darshanatvofficial/videos/891399674642821/