ലോകമാകെ ഭീതി പരത്തുന്ന കൊറോണയെ തുടര്‍ന്ന് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനാല്‍ സംസ്ഥാനത്തെ മുഴുവന്‍ കുടുംബങ്ങള്‍ക്കും ഒരു മാസത്തെ സൗജന്യ റേഷന്‍ നല്കാന് സര്‍ക്കാര്‍ തീരുമാനിച്ചു. ബിപിഎല്‍ കുടുംബങ്ങള്‍ക്ക് 35 കിലോ സൗജന്യ അരി നല്‍കുന്നതിന് പുറമെ 15 കിലോ ഗ്രാം ഭക്ഷ്യ ധാന്യങ്ങള്‍ അടങ്ങിയ കിറ്റ് വീടുകളില്‍ എത്തിക്കും. ഇതിന് പുറമെ വീടുകളില്‍ നിരീക്ഷണത്തിലുളളവര്‍ക്കും ഭക്ഷ്യധാന്യ കിറ്റ് നല്‍കും. നീല, വെള്ള കാര്‍ഡുകള്‍ക്ക് 15 കിലോ അരിയാണ് പുതുതായി നല്‍കുക. പലവ്യഞ്ജന സാധനങ്ങള്‍ നല്‍കുന്നതും പരിഗണനയിലുണ്ട്.
ബിപിഎല്‍ മുന്‍ഗണനാ ലിസ്റ്റിലുള്ളവര്‍ക്ക് 15 കിലോ അരി അടക്കമുള്ള ആവശ്യ സാധനങ്ങള്‍ തദ്ദേശ സ്ഥാപനങ്ങള്‍ വഴി വീടുകളിലേക്ക് നേരിട്ടെത്തിക്കുവാനാണ് ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചത്. തനിച്ചു താമസിക്കുന്നവര്‍, പ്രായമുള്ളവര്‍, ഭിന്നശേഷിക്കാര്‍ തുടങ്ങിയവര്‍ക്കും സൗജന്യമായി ഭക്ഷ്യധാന്യങ്ങള്‍ നല്‍കുന്നതാണ്. ഒപ്പം, മുന്‍ഗണനാ ലിസ്റ്റില്‍പ്പെടാത്ത തൊഴില്‍ നഷ്ടപ്പെട്ട് ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ കഷ്ടപ്പെടുന്ന കുടുംബങ്ങള്‍ക്ക് 15 കിലോ അരിയെങ്കിലും നല്‍കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.
റേഷന്‍ കടകള്‍ വഴി ഇത് വിതരണം ചെയ്താല്‍ ജനങ്ങള്‍ കൂട്ടമായി എത്താന്‍ സാധ്യതയുളളതിനാല്‍ മാവേലി സ്റ്റോറുകള്‍, സപ്ലൈകോ വില്പന കേന്ദ്രങ്ങള്‍ എന്നിവ വഴിയോ പഞ്ചായത്ത്, മുനിസിപ്പാലിറ്റി അം?ഗങ്ങള്‍ വഴിയോ വീടുകളില്‍ എത്തിക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. സംസ്ഥാനത്തെ റേഷന്‍ കടകള്‍ നിലവിലെ പ്രത്യേക സാഹചര്യം പരി?ഗണിച്ച് രാവിലെ 9 മണിമുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെയും ഉച്ചയ്ക്ക് 2 മുതല്‍ വൈകിട്ട് 5 വരെയും പ്രവര്‍ത്തിക്കും.
പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച 21 ദിവസത്തെ ലോക് ഡൗണ്‍ കഴിയുന്നത് വരെ സംസ്ഥാനത്തെ ബാറുകളും ബിവ്റേജസ് ഔട്ട്ലെറ്റുകളും സംസ്ഥാനത്ത് അടച്ചിടാനും ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. കടുത്ത മദ്യാസക്തിയിലുളള ആളുകളെ പരിഗണിച്ച് മദ്യം ഓണ്‍ലൈന്‍ ലഭ്യമാക്കുന്നതിനുളള ആലോചനകളിലാണ് സര്‍ക്കാര്‍ എന്നും റിപ്പോര്‍ട്ടുണ്ട്.